
ന്യൂയോർക്ക്: ദശകങ്ങളായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്യഗ്രഹജീവികളെയും തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കളെയും (യുഎഫ്ഒ-അൺഐഡന്റിഫയബിൾ ഫ്ലൈയിങ് ഒബ്ജക്ട്സ് ) കുറിച്ചുള്ള അതീവ രഹസ്യരേഖകൾ പുറത്തുവിടാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. 'ഡിക്ലാസിഫിക്കേഷൻ' നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ താൻ അധികാരത്തിൽ വന്നാൽ യുഎഫ്‌ഒകളെ കുറിച്ചുള്ള ദുരൂഹതകൾ നീക്കുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പെന്റഗണും വിവിധ രഹസ്യാന്വേഷണ ഏജൻസികളും സൂക്ഷിച്ചിരിക്കുന്ന ഫയലുകളാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. അമേരിക്കൻ വ്യോമാതിർത്തിയിൽ പലപ്പോഴായി പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തുക്കളെക്കുറിച്ച് യുഎസ് നേവി പൈലറ്റുമാർ നൽകിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന.
റഡാറുകളിൽ പതിഞ്ഞതും എന്നാൽ വിശദീകരിക്കാൻ കഴിയാത്തതുമായ ആകാശ വസ്തുക്കളുടെ ദൃശ്യങ്ങൾ, നെവാഡയിലെ അതീവ സുരക്ഷാ മേഖലയായ ഏരിയ 51-നെ കുറിച്ചുള്ള രഹസ്യങ്ങൾ, ഈ വസ്തുക്കൾ അന്യഗ്രഹങ്ങളിൽ നിന്നുള്ളതാണോ അതോ ശത്രുരാജ്യങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യയാണോ എന്നതിനെക്കുറിച്ചുള്ള ഏജൻസികളുടെ വിലയിരുത്തലുകൾ തുടങ്ങിയവ ഈ രേഖകളിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കുമ്പോൾ, പുറത്തുവരാൻ പോകുന്ന വിവരങ്ങൾ ശാസ്ത്ര ലോകത്തെയും മനുഷ്യന്റെ പ്രപഞ്ച കാഴ്ചപ്പാടുകളെയും എങ്ങനെ മാറ്റുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും യുഎഫ്‌ഒ ഗവേഷകരും.