Image

ഇന്ത്യൻ വംശജനായ മുസ്‌ലിം യുവാവിന്റെ ഹർജി തള്ളി യുഎസ് കോടതി; നാടുകടത്തൽ തടയാനാവില്ലെന്ന് വിധി

Published on 08 May, 2026
 ഇന്ത്യൻ വംശജനായ മുസ്‌ലിം യുവാവിന്റെ ഹർജി തള്ളി യുഎസ് കോടതി; നാടുകടത്തൽ തടയാനാവില്ലെന്ന് വിധി

വാഷിംഗ്ടൺ: ഇന്ത്യയിൽ താൻ നേരിട്ട ആക്രമണം ക്രൂരമായ പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ മുസ്‌ലിം യുവാവ് നൽകിയ അഭയഹർജി അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതി തള്ളി. സനാഉല്ല ഖാൻ മുഹമ്മദ് എന്ന യുവാവിനെ നാടുകടത്തുന്നത് തടയാൻ കഴിയില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി സെവൻത് സർക്യൂട്ട് വ്യക്തമാക്കി.
 

2016 ജൂണിൽ സന്ദർശക വിസയിൽ അമേരിക്കയിലെത്തിയ ഖാൻ മുഹമ്മദ്, വിസാ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുകയായിരുന്നു. തുടർന്ന് 2019-ലാണ് അദ്ദേഹം രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നൽകിയത്. ഇന്ത്യയിൽ കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്ന തന്റെ കുടുംബത്തിന് നേരെ ചില ഹിന്ദു സംഘടനകളിൽ നിന്നും ഭീഷണി ഉണ്ടായതായും 2016-ൽ നടന്ന ആക്രമണത്തിൽ തനിക്ക് പരിക്കേറ്റതായും അദ്ദേഹം വാദിച്ചു.
 

എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി. ഖാൻ മുഹമ്മദിന് ആ സംഭവത്തിൽ ഉണ്ടായ നിസാര പരിക്കുകൾ പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് മൂന്നംഗ ജഡ്ജിമാരുടെ പാനൽ നിരീക്ഷിച്ചു. ആക്രമണം നടന്ന സമയത്ത് പ്രാദേശിക പോലീസ് ഇടപെട്ട് അക്രമികളെ തുരത്തിയതായും, അതിനാൽ ഇന്ത്യൻ ഭരണകൂടം അക്രമികൾക്ക് കൂട്ടുനിൽക്കുന്നു എന്ന വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

കൂടാതെ, ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇത്തരം ഭീഷണികളില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ ഇയാൾക്ക്  സാധിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ആ കശാപ്പുശാല പ്രവർത്തിക്കുന്നില്ലാത്തതിനാൽ ഭാവിയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. യുഎസ് ഇമിഗ്രേഷൻ നിയമപ്രകാരം നിശ്ചിത സമയപരിധി കഴിഞ്ഞാണ് അഭയഹർജി നൽകിയതെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ  ഖാൻ മുഹമ്മദിനെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾക്ക് വഴിയൊരുങ്ങി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക