
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഉപരിപഠനത്തിന് എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തങ്ങുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കാൻ വൈറ്റ് ഹൗസ് നീക്കം തുടങ്ങുന്നു. എഫ്-1, ജെ-1 വിസകളിൽ എത്തുന്നവർക്ക് നിലവിലുള്ള ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ സംവിധാനം ഒഴിവാക്കി പകരം നാല് വർഷത്തെ സമയപരിധി ഏർപ്പെടുത്താനാണ് ശുപാർശ.
നിലവിലെ നിയമമനുസരിച്ച്, ഒരു വിദേശ വിദ്യാർത്ഥിക്ക് താൻ പഠിക്കുന്ന കോഴ്സ് പൂർത്തിയാകുന്നത് വരെ എത്ര കാലം വേണമെങ്കിലും അമേരിക്കയിൽ തുടരാം. എന്നാൽ പുതിയ നിയമം നിലവിൽ വന്നാൽ, നാല് വർഷത്തിന് ശേഷം വിസ പുതുക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയെ (ഡിഎച്ച്എസ്) വീണ്ടും സമീപിക്കേണ്ടി വരും.
ഈ പുതിയ ചട്ടം മെയ് 5-നാണ് വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന് കൈമാറിയത്. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള അവസാന ഘട്ട പരിശോധനയിലാണ് ഈ നിർദ്ദേശം ഇപ്പോൾ. ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന ഈ നയം ഇപ്പോൾ വീണ്ടും സജീവമാക്കുകയാണ്.
മുമ്പ് ഈ നിയമം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ യൂണിവേഴ്സിറ്റികളും ആരോഗ്യ സംഘടനകളും ഇതിനെ ശക്തമായി എതിർത്തിരുന്നു. നിശ്ചിത സമയപരിധി ഏർപ്പെടുത്തുന്നത് അക്കാദമിക് പ്രവർത്തനങ്ങളെയും ഗവേഷണങ്ങളെയും തടസ്സപ്പെടുത്തുമെന്നും ഭരണപരമായ സങ്കീർണ്ണതകൾ വർദ്ധിപ്പിക്കുമെന്നുമാണ് ഇവരുടെ വാദം.
അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്. വിസ അഭിമുഖങ്ങളിലെ കാലതാമസവും നിയമപരമായ മറ്റ് തടസ്സങ്ങളും മൂലം കഴിഞ്ഞ വർഷം വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ പിഎച്ച്ഡി പോലെയുള്ള ദീർഘകാല കോഴ്സുകൾ ചെയ്യുന്നവർക്കും ഗവേഷകർക്കും ഇത് വലിയ വെല്ലുവിളിയാകും.