
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്ഫലങ്ങളില്‍ വര്‍ഗീയവാദികള്‍ ശ്രദ്ധിക്കേണ്ടകേരള സ്റ്റോറിയുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തവനൂര്‍, കളമശ്ശേരി, കൊച്ചി എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ നിരീക്ഷണം.
സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ ദേശീയ പ്രവണതകളില്‍ നിന്നുള്ള സ്വാധീനം ഉണ്ടായിരുന്നിട്ടും, കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ ഒരു മാതൃകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിലൂടെയാണ് തരൂരിന്റെ പ്രതികരണം. ആളുകള്‍ ആദ്യം മനുഷ്യരെയും പിന്നീട് ജാതിയും മതവും കാണുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
'സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വര്‍ഗീയവാദികള്‍ ശ്രദ്ധിക്കേണ്ട ഒരു കേരളസ്റ്റോറി: മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരില്‍ നിന്ന് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വി.എസ്. ജോയ് വിജയിച്ചു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയില്‍ നിന്ന് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി വി.ഇ. അബ്ദുള്‍ ഗഫൂര്‍ വിജയിച്ചു, ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയില്‍ നിന്ന് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ് വിജയിച്ചു' തരൂര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എസ്.ജോയ് ഇടത് സ്വതന്ത്രനും സിറ്റിങ് എംഎല്‍എയുമായ കെ.ടി.ജലീലിനെ 14647 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കളമശ്ശേരിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി വി.ഇ.അബ്ദുള്‍ ഗഫൂര്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പി.രാജീവിനെ 16132 വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് സിപിഎമ്മിന്റെ കെ.ജെ.മാക്സിയെ 8188 വോട്ടിനും തോല്‍പ്പിച്ചു.