
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞ് സംവിധായകന്‍ ഭദ്രന്‍. വി.ഡി. സതീശനെയാണ് ജനം ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറഞ്ഞു. അര്‍ഹനായവനെ അനര്‍ഹനാക്കരുത്. അല്ലാത്തപക്ഷം അതൊരു വലിയ രാഷ്ട്രീയ വിഢിത്തമായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഹൈ കമാന്‍ഡിനോട് ഒരു അഭ്യര്‍ത്ഥന, പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഒഴിക്കുന്ന പോലാവും.
രമേശിന്റേയും കെ.സി. വേണുഗോപാലിന്റെയും മികവുകള്‍ക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച ജനം, വി.ഡി. സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അര്‍ഹനായവനെ അനര്‍ഹനാക്കരുത് ! അത് വലിയ ഒരു പൊളിറ്റിക്കല്‍ ബ്ലണ്ടര്‍ ആയി തീരും ! സ്‌നേഹത്തോടെ, ഭദ്രന്‍.' അദ്ദേഹം എഴുതി.