Image

"സതീശനെ വനവാസത്തിന് വിടരുത്"; മുഖ്യമന്ത്രി ചർച്ചകളിൽ വി.ഡി. സതീശന് പിന്തുണയുമായി സംവിധായകൻ ഭദ്രൻ

Published on 07 May, 2026
"സതീശനെ വനവാസത്തിന് വിടരുത്"; മുഖ്യമന്ത്രി ചർച്ചകളിൽ വി.ഡി. സതീശന് പിന്തുണയുമായി സംവിധായകൻ ഭദ്രൻ

കൊച്ചി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിൽ പുരോഗമിക്കെ, വി.ഡി. സതീശനെ പിന്തുണച്ച് പ്രമുഖ സംവിധായകൻ ഭദ്രൻ രംഗത്ത്. പോർമുഖത്ത് നിന്ന് പടവെട്ടിയ നേതാവിനെ കോൺഗ്രസ് വനവാസത്തിന് അയക്കരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. അർഹനായവനെ അനർഹനാക്കുന്നത് വലിയ രാഷ്ട്രീയ വിഡ്ഢിത്തമായിരിക്കുമെന്നും, അത്തരമൊരു തീരുമാനം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്നതിന് തുല്യമായിരിക്കുമെന്നും ഭദ്രൻ മുന്നറിയിപ്പ് നൽകി.

​മറ്റ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്റെയും മികവുകളെ താൻ കുറച്ചുകാണുന്നില്ലെന്ന് വ്യക്തമാക്കിയ ഭദ്രൻ, പക്ഷേ നിലവിലെ സാഹചര്യത്തിൽ ജനം മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് വി.ഡി. സതീശനെയാണെന്ന് ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളിൽ സതീശന്റെ നേതൃപാടവം പ്രധാനമാണെന്നും അത് തിരിച്ചറിയാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. സാംസ്‌കാരിക ലോകത്തുനിന്നും സതീശന് ലഭിക്കുന്ന ശക്തമായ പിന്തുണയായി ഈ പ്രതികരണം മാറി.

​നേരത്തെ നടൻ സിദ്ദിഖും സതീശന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന, ഒരു സാമുദായിക നേതാവിനും വഴങ്ങാത്ത നേതാവാണ് സതീശനെന്നും രാഹുൽ ഗാന്ധിയെപ്പോലും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ വാക്കുകൾ. പ്രമുഖരുടെ പിന്തുണ സതീശൻ ക്യാമ്പിന് കരുത്തു പകരുമ്പോൾ, വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക