
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്ത്. മുസ്ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അവർ ഇടപെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും മുന്നണി ബന്ധത്തിലെ ഈ പരസ്പര ധാരണ എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി സംവിധാനത്തിൽ ഇരു പാർട്ടികളും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ലീഗ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം കോൺഗ്രസ് പ്രതിരോധം തീർത്തിട്ടുണ്ട്. എന്നാൽ മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവിനെ കോൺഗ്രസ് തീരുമാനിക്കാത്തതുപോലെ തന്നെ, കോൺഗ്രസ് നേതാവിനെ നിശ്ചയിക്കാനുള്ള അവകാശം പാർട്ടിക്കാണെന്ന് കുഴൽനാടൻ ഓർമ്മിപ്പിച്ചു. ആശയവിനിമയങ്ങൾ സ്വാഭാവികമാണെങ്കിലും അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുന്ന വ്യക്തി തന്നെ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിനുള്ളിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഏറ്റവും നീതിയുക്തമായ തീരുമാനമാകും ഉണ്ടാകുക. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും കുഴൽനാടൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സി.എൽ.പി യോഗത്തിന് പിന്നാലെ നിരീക്ഷകർ എം.എൽ.എമാരെ കാണുന്ന ഘട്ടത്തിലാണ് കുഴൽനാടന്റെ ഈ പ്രതികരണം.