
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗം (സി.എൽ.പി), നേതാവിനെ തീരുമാനിക്കാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം ഐകകണ്ഠ്യേന പാസാക്കി. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പ്രമേയം പാസാക്കിയതിന് പിന്നാലെ, എം.എൽ.എമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അറിയുന്നതിനായി നിരീക്ഷകർ ഓരോരുത്തരുമായും പ്രത്യേക കൂടിക്കാഴ്ച ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുന്നു എന്ന് ഓരോ അംഗവും നിരീക്ഷകരെ നേരിട്ട് അറിയിക്കും. മണ്ഡലത്തിലെ തിരക്കുകൾ മൂലം പുതുപ്പള്ളി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മനാണ് നിരീക്ഷകരുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. എം.എൽ.എമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷം നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
അതേസമയം, നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ദീപാ ദാസ് മുൻഷിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കം നിലനിൽക്കുന്നുണ്ട്. ദീപാ ദാസ് മുൻഷിയെ ചർച്ചകളിൽ നിന്ന് ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ അനുകൂലികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അത് അംഗീകരിച്ചിട്ടില്ല. ഹൈക്കമാൻഡ് നിരീക്ഷകർക്കൊപ്പം ദീപാ ദാസ് മുൻഷിയും എം.എൽ.എമാരുമായുള്ള ചർച്ചകളിൽ പങ്കാളിയാകുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളും വരുംദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നിർണ്ണായകമാകും.