Image

ഓപ്പറേഷൻ സിന്ദൂർ ഒന്നാം വാർഷികം: പ്രൊഫൈൽ ചിത്രം മാറ്റി ധീരബലിദാനികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

Published on 07 May, 2026
ഓപ്പറേഷൻ സിന്ദൂർ ഒന്നാം വാർഷികം: പ്രൊഫൈൽ ചിത്രം മാറ്റി ധീരബലിദാനികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായ 'ഓപ്പറേഷൻ സിന്ദൂറിന്റെ' ഒന്നാം വാർഷികത്തിൽ വീരമൃത്യു വരിച്ചവർക്കും സൈനികർക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ഓപ്പറേഷൻ സിന്ദൂറിന്റെ ലോഗോയാക്കി മാറ്റിയാണ് അദ്ദേഹം ഈ ദിനത്തെ അനുസ്മരിച്ചത്. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് ചാനൽ തുടങ്ങി പ്രധാനമന്ത്രിയുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും കറുത്ത പശ്ചാത്തലത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് രേഖപ്പെടുത്തിയ പുതിയ ചിത്രം നിലവിൽ വന്നു.

​ദേശീയ പതാകയും സിന്ദൂരമണിഞ്ഞ കുറിയും ഉൾപ്പെടുത്തിയ സവിശേഷമായ ലോഗോയാണ് പ്രധാനമന്ത്രി തന്റെ പ്രൊഫൈലിൽ നൽകിയിരിക്കുന്നത്. 'SINDOOR' എന്നതിലെ 'O' എന്ന അക്ഷരത്തിനുള്ളിൽ വിവാഹിതരായ സ്ത്രീകളുടെ പ്രതീകമായ സിന്ദൂരം ഉൾപ്പെടുത്തിയത് പഹൽഗാം ആക്രമണത്തിൽ തകർന്ന കുടുംബങ്ങളെയും അതിജീവനത്തെയും ഓർമ്മിപ്പിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പോരാടിയ സൈനികരോടുള്ള ബഹുമാനസൂചകമായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

​2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചത്. 2025 മെയ് 7 മുതൽ 10 വരെ പടിഞ്ഞാറൻ അതിർത്തിയിൽ കര, വ്യോമ, നാവിക സേനകളും ബിഎസ്എഫും സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ നിർണ്ണായക അധ്യായമായാണ് കണക്കാക്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക