
തിരുവനന്തപുരം: യുഡിഎഫന്റെമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായിരിക്കേ വി.ഡി സതീശന്‍ നിലപാട് കടുപ്പിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും സതീശന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുള്‍ വാസ്‌നിക്കിനെയും അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശന്‍. മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ഇരിക്കാന്‍ താനില്ലെന്നും വെറും എംഎല്‍എ ആയി തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
നേരത്തേ കെ. സുധാകരന്‍ മുന്നോട്ടുവെച്ചതും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളതുമായ സമവായ ഫോര്‍മുല സതീശന്‍ തള്ളിക്കളഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യാനാണ്ഈ ഫോര്‍മുലയിലൂടെ ശ്രമിച്ചത്. എന്നാല്‍, ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് താനില്ലെന്ന് സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണ സതീശനുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സതീശന്‍ പക്ഷം ഉന്നയിക്കുന്ന പ്രധാന വാദം.