
ജാക്‌സണ്‍വില്‍ : താറാവുകുഞ്ഞുങ്ങളെ മനഃപൂര്‍വം കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്‌ലോറിഡ സ്വദേശിയായ ബെവര്‍ലി സാസ്‌ബെറി (64) അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 11 ക്രിമിനല്‍ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ മുറ്റത്ത് താറാവുകള്‍ അഴുക്കുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇവരുടെ ക്രൂരത. റോഡിലുണ്ടായിരുന്ന താറാവുകുഞ്ഞുങ്ങളുടെ മേല്‍ ബെവര്‍ലി തന്റെ കാര്‍ പലതവണ ഓടിച്ചു കയറ്റുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. താറാവുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജാക്‌സണ്‍വില്‍ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റി.