
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ആത്മഹത്യാ കുറിപ്പ് എന്നു കരുതപ്പെടുന്ന ഒരു കുറിപ്പ് ന്യൂ യോർക്ക് കോടതി ഉത്തരവിനെ തുടർന്നു 'ന്യൂ യോർക്ക് ടൈംസ്' പത്രത്തിനു ലഭിച്ചു. അവ്യക്തമായ കുറിപ്പിൽ എപ്‌സ്റ്റീൻ അവകാശപ്പെടുന്നത് അന്വേഷണ സംഘം തനിക്കെതിരെ ഒന്നും കണ്ടെത്തിയില്ല എന്നാണ്.
"ഒരു മാസം അന്വേഷിച്ചു -- ഒന്നും കണ്ടെത്തിയില്ല!" എന്നതിനു പിന്നാലെ ഇങ്ങിനെയും കുറിച്ചിട്ടുണ്ട്: "യാത്ര പറയാൻ സ്വയം സമയം തിരഞ്ഞെടുക്കാൻ കഴിയുന്നത് സന്തോഷമാണ്. ഞാൻ പൊട്ടിക്കരയാണോ. തമാശയ്‌ക്കൊന്നും വകുപ്പില്ല."
2019 ജൂലൈയിൽ മൻഹാട്ടൻ ജയിലിലെ സെല്ലിൽ എപ്‌സ്റ്റീൻ തൂങ്ങി മരിക്കാൻ ശ്രമിച്ച ശേഷമാണു ഈ കുറിപ്പെഴുതിയതെന്നു കരുതപ്പെടുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക അതിക്രമങ്ങൾക്ക് എറിഞ്ഞു കൊടുത്തു എന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആയിരുന്നു അത്.
തൂങ്ങി മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ സെല്ലിൽ കൂടെ ഉണ്ടായിരുന്ന മുൻ പോലീസുകാരനും നാലു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളുമായ നിക്കോളാസ് താർധഗ്ലിയോന്റെയോൺ തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് എപ്‌സ്റ്റീൻ ആരോപിച്ചു. എന്നാൽ എപ്‌സ്റ്റീന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത താർധഗ്ലിയോന്റെയോൺ അത് പോലീസിനു കൈമാറി തടിതപ്പി. എപ്‌സ്റ്റീൻ തന്നെയാണ് അതെഴുതിയതെന്നു ഉറപ്പാക്കിയതായി താർധഗ്ലിയോന്റെയോനിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2019 ഓഗസ്റ്റിൽ എപ്‌സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തി.
താർധഗ്ലിയോന്റെയോൺ കേസിലെ ഫയലിൽ എപ്‌സ്റ്റീന്റെ കുറിപ്പ് ഏറെക്കാലം ഇരുന്നു. പിന്നെ വൈറ്റ് പ്ലെയിൻസ് കോടതിയുടെ സുരക്ഷയിലായി. 2023ൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടപ്പോൾ താർധഗ്ലിയോന്റെയോൺ ആ കുറിപ്പിനെ കുറിച്ച് വെളിപ്പെടുത്തി.
കഴുത്തിൽ പരുക്കൻ ചുവന്ന പാടുകളുമായി കണ്ടെത്തിയപ്പോൾ എപ്‌സ്റ്റീൻ അത് താർധഗ്ലിയോന്റെയോൺ തന്നെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണെന്നു ആരോപിച്ചു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞ അയാളെ മറ്റൊരു സെല്ലിലേക്കു മാറ്റി.
എപ്‌സ്റ്റീന്റെ മരണ ശേഷം നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നു. അയാളുടെ സെല്ലിന്റെ മുൻപിലെ ക്യാമറകൾ കേടായിരുന്നു എന്നും ബ്ലോക്കിലെ ഗാർഡുകൾ ഉറങ്ങുകയായിരുന്നവെന്നും കഥകൾ വന്നു.
പ്രസിഡന്റ് ട്രംപും മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായി അടുപ്പമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അടുത്തിടെ പുറത്തു വിട്ടു. എന്നാൽ മരണത്തെ കുറിച്ച് സംശയങ്ങൾ ബാക്കി നിന്നു. അതു കൊണ്ടാണ് ആത്മഹത്യാ കുറിപ്പ് ആവശ്യപ്പെട്ടു 'ടൈംസ്' കോടതിയെ സമീപിച്ചത്.
'Suicide note' of Epstein released