Image

ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസും ഇറാനും സന്നദ്ധത അറിയിച്ചു (പിപിഎം)

Published on 07 May, 2026
ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസും ഇറാനും സന്നദ്ധത അറിയിച്ചു (പിപിഎം)

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയാറാണെന്നു ഇറാനും യുഎസും പ്രഖ്യാപിച്ചതോടെ അതിനുള്ള വഴി തെളിഞ്ഞെന്ന പ്രത്യാശ ഉയർന്നു. ചർച്ചകൾ സുഗമമാക്കാൻ യുഎസ് ഉപരോധം നിർത്തി വയ്ക്കുന്നു എന്നു പ്രസിഡന്റ് ട്രംപ് ചൊവാഴ്ച്ച വൈകിട്ട് അറിയിച്ചിരുന്നു. അതിനു പിന്നാലെ, ഹോർമുസിൽ കൂടി കപ്പലുകൾ കടത്തി വിടുമെന്ന് ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി ബുധനാഴ്ച്ച അറിയിക്കയും ചെയ്‌തു.

ഹോർമുസിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെട്ടതു മൂലം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഏറ്റത്. കടലിടുക്ക് തുറക്കുമെന്ന പ്രത്യാശ ഉയർന്നതോടെ എണ്ണ വിലയിൽ കുറവ് വരികയും ചെയ്തു.

ഇറാൻ വാക്കു പാലിച്ചു ഹോർമുസ് തുറന്നാൽ യുദ്ധം അവസാനിക്കുമെന്നു ട്രംപ് ഉറപ്പു നൽകിയിരുന്നു. യുഎസും ഇസ്രയേലും ഉയർത്തുന്ന ഭീഷണികൾ കുറഞ്ഞു വരുന്നതിനാൽ ഹോർമുസ് തുറക്കാൻ കഴിയുന്ന സ്ഥിതിയാണെന്നു ഐ ആർ ജി സിയെ ഉദ്ധരിച്ചു ഇറാൻ സർക്കാരിന്റെ പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

യുഎസിൽ യുദ്ധം മൂലം ഉണ്ടായ വിലവർധന നവംബർ തിരഞ്ഞെടുപ്പിൽ പ്രഹരമാകുമെന്നു റിപ്പബ്ലിക്കൻ പാർട്ടി ഭയപ്പെടുന്നുണ്ട്. അതു കൊണ്ടു യുദ്ധം എത്രയും വേഗം തീർക്കാൻ ട്രംപിന്റെ മേൽ സമ്മർദമുണ്ട്.

അടുത്തയാഴ്ച്ച ചൈനയിൽ പ്രസിഡന്റ് ഷിയെ കണ്ടുമുട്ടേണ്ട ട്രംപിന് അതിനു മുൻപ് ഹോർമുസ് തുറക്കേണ്ടത് മറ്റൊരു ആവശ്യമാണ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ചൈനയുടെ വാങ് യിയും ബുധനാഴ്ച്ച സംസാരിച്ചപ്പോൾ ചർച്ചകൾ കൊണ്ടു യുദ്ധം തീർക്കണമെന്ന ചൈനയുടെ നിലപാട് ചൈനീസ് മന്ത്രി അറിയിച്ചിരുന്നു.

കപ്പലുകൾക്കു സഹായം എത്തിക്കും

ഹോർമുസിലും പരിസരത്തും വാണിജ്യ കപ്പലുകൾക്കു സാങ്കേതികമായ പിന്തുണയും മെഡിക്കൽ സഹായവും നൽകാൻ തയാറാണെന്നു ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ വ്യാഴാഴ്ച്ച അറിയിച്ചു. 87 രാജ്യങ്ങളുടെ കപ്പലുകളിലായി 20,000 പേർ ഹോർമുസിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ കഴിഞ്ഞ ദിവസം പറഞ്ഞത്.

കപ്പലുകൾക്കു ഭക്ഷണ സാധനങ്ങളും ഇന്ധനവും മെഡിക്കൽ സഹായവും എത്തിക്കാമെന്ന് ഇറാൻ പറഞ്ഞു. കേടുപാടുകൾ ഉണ്ടെങ്കിൽ തീർക്കാനുള്ള സഹായവും നൽകും. അവയുടെ തുടർന്നുള്ള യാത്ര സുഗമമാക്കാനാണ് അത്തരം സഹായങ്ങൾ.

Hormuz appears set for reopening

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക