Image

തന്‍റെ സൈക്കിൾ യാത്രയെ ജനങ്ങള്‍ ഇത്രയും സ്വീകരിക്കുമെന്നു കരുതിയില്ല: പ്രചാരണത്തിന് ചെലവായത് വെറും 21 ലക്ഷമെന്ന് ചാണ്ടി ഉമ്മൻ

Published on 06 May, 2026
 തന്‍റെ സൈക്കിൾ യാത്രയെ ജനങ്ങള്‍ ഇത്രയും സ്വീകരിക്കുമെന്നു കരുതിയില്ല: പ്രചാരണത്തിന് ചെലവായത് വെറും 21 ലക്ഷമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫ്ലക്‌സുകളും ബാനറുകളുമൊക്കെ ഒഴിവാക്കിയതിലൂടെ ഏകദേശം 21 ലക്ഷം രൂപയായി പ്രചാരണ ചെലവു കുറച്ചെന്നു പുതുപ്പള്ളി മണ്ഡലത്തിലെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. 79 ലക്ഷത്തോളം രൂപയാണു താന്‍ ലാഭിച്ചത്. സൈക്കിളിലെ തന്‍റെ യാത്രയെ ജനങ്ങള്‍ ഇത്രയും സ്വീകരിക്കുമെന്നു കരുതിയില്ലെന്നും പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദി പ്രസ്സില്‍ അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതി പുരോഗമിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് വന്നത്. അങ്ങനെയാണ് പ്രചരണത്തിനു ചെലവാക്കുന്ന തുക കുറച്ചാല്‍ ആ തുക കൂടി വീടു നിര്‍മാണത്തിനായി ഉപയോഗപ്പെടുത്താമെന്നു തോന്നിയത്. ആ തീരുമാനം തനിക്കു ഗുണം ചെയ്‌തു. സാമ്പത്തിക ചെലവിനു പുറമെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഒഴിവായി. സാധിക്കുമ്പോഴൊക്കെ നിയമസഭയിലേക്കു സൈക്കിളില്‍ പോകുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാവുമെന്നതിനെ സംബന്ധിച്ചു പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. ആ അഭിപ്രായമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. ജനങ്ങളും തെരഞ്ഞെടുത്ത എംഎല്‍എമാരും ഹൈക്കമാന്‍ഡും പിന്തുണയ്ക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡാണ്. ഉടന്‍ ഇതില്‍ തീരുമാനമാവും. നേതാക്കളുടെ ഫ്ലക്‌സുകള്‍ വയ്ക്കുന്നതിനു പിന്നിലുള്ളത് അണികളുടെ വികാരമാണ്. കെ.സി വേണുഗോപാല്‍ എംപിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വം പറയട്ടെയെന്നും മന്ത്രിയാവുക എന്നതു തനിക്കു മുന്‍ഗണനയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ബിജെപിയുടെ വിജയത്തിനു താന്‍ അമിത പ്രാധാന്യം നല്‍കുന്നില്ല. അതതു സ്ഥലങ്ങളിലെ സാഹചര്യമാണ് അവരുടെ വിജയത്തിനു പിന്നില്‍. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചാണ് തനിക്കു വോട്ടു ചെയ്‌തത്. സിപിഎമ്മുകാരും തങ്ങള്‍ക്കു വോട്ടു ചെയ്‌തു. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് യുഡിഎഫിന്‍റെ വിജയത്തിനു കാരണം.

കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പറയാന്‍ സര്‍ക്കാരിന് ആവുന്നില്ല. എന്നാല്‍, യുഡിഎഫ് ഭരണകാലത്തെ നേട്ടങ്ങള്‍ അറിയണമെങ്കില്‍ കഴിഞ്ഞ പത്തു കൊല്ലവും അതിനു മുന്‍പ് യുഡിഎഫ് ഭരിച്ച അഞ്ചു കൊല്ലവും താരതമ്യം ചെയ്‌താല്‍ മതിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 

താന്‍ പുതുപ്പള്ളിയെ സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റുമെന്നാണു പറഞ്ഞിരുന്നത്. അതിന്‍റെ ഭാഗമായി മണ്ഡലത്തില്‍ ടര്‍ഫുകള്‍ നിര്‍മിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കും. സ്റ്റേഡിയം നിര്‍മാണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കായിക മേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ ഇവിടെ വളരണം. നമ്മുടെ നാട്ടില്‍ നിന്നൊരു മെസ്സി ഉണ്ടായിവരണം. ഒപ്പം പുതുപ്പള്ളിയെ ഐടി ഹബ്ബാക്കി വളര്‍ത്തുകയും വേണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക