Image

2027ല്‍ തിരിച്ചടി ഭയക്കുന്നു; മമതയുടെയും സ്റ്റാലിന്റെയും പരാജയത്തോടെ I-PAC കൂട്ടുവിടാന്‍ അഖിലേഷ്

Published on 06 May, 2026
2027ല്‍ തിരിച്ചടി ഭയക്കുന്നു; മമതയുടെയും സ്റ്റാലിന്റെയും പരാജയത്തോടെ I-PAC കൂട്ടുവിടാന്‍ അഖിലേഷ്


 


ലഖ്നൗ: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കുമായുള്ള (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി - I-PAC) ചര്‍ച്ചകള്‍ സമാജ്വാദിപാര്‍ട്ടി അവസാനിപ്പിച്ചതായി സൂചന. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഐ-പാക്കിന്റെ സഹായത്തോടെ മത്സരിച്ച പാര്‍ട്ടികള്‍ക്കുണ്ടായ തിരിച്ചടികളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അഖിലേഷ് യാദവിനെ നയിച്ച പ്രധാന ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


അഖിലേഷ് യാദവ് നയിക്കുന്ന പാര്‍ട്ടി ഐ-പാക്കുമായി ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, പ്രചാരണ-മാനേജ്‌മെന്റ് സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ആ ചര്‍ച്ചകളാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. തന്ത്രപരമായ ഈ മാറ്റം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കൂടുതല്‍ സ്വതന്ത്രമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കാനാണ് പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിവരം. പുറത്തുനിന്നുള്ള ഏജന്‍സികളെ ആശ്രയിക്കുന്നതിന് പകരം സ്വന്തം പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കാനാണ് നിലവില്‍ നേതൃത്വം താല്‍പര്യപ്പെടുന്നത് എന്നും പാര്‍ട്ടിയുായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കും തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിനും നേരിട്ട പരാജയങ്ങളെ വളരെ ശ്രദ്ധയോടെയാണ് അഖിലേഷ് യാദവ് 
നോക്കിക്കാണുന്നത്. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പ്രചാരണ മാനേജ്‌മെന്റിലും ഐ-പാക് പങ്കാളികളായിരുന്നു എന്നാണ് വിവരം. മാത്രമല്ല, ഐ-പാക്കുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുകളും അന്വേഷണങ്ങളും സമാജ്വാദി പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക