
ഇറാനുമായുള്ള ചർച്ചകൾ സുഗമമാക്കാൻ ഹോർമുസ് കടലിടുക്കിലെ 'പ്രോജെക്ട് ഫ്രീഡം' ദൗത്യം യുഎസ് തത്കാലം നിർത്തി വച്ചതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇറാനുമായി അന്തിമ കരാറിനുള്ള ശ്രമങ്ങളിൽ വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ടെന്നു അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
വാണിജ്യ കപ്പലുകൾക്കു ഹോർമുസ് കടന്നു പോകാൻ യുഎസ് സേനയുടെ സഹായം നൽകുന്ന ദൗത്യം നിർത്തി വയ്ക്കുന്നത് ഇടനിലക്കാരായ പാക്കിസ്ഥാന്റെ അഭ്യർഥന മാനിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കരാർ നീണ്ടു പോയാൽ പ്രോജെക്ട് ഫ്രീഡം വീണ്ടും ആരംഭിക്കും. തിങ്കളാഴ്ച്ച രണ്ടും ചൊവാഴ്ച്ച മൂന്നും കപ്പലുകളെ ഹോർമുസ് കടക്കാൻ യുഎസ് സഹായിച്ചിരുന്നു. അതിന്റെ ഭാഗമായി ഇറാന്റെ ഏതാനും ബോട്ടുകൾ തകർക്കുകയും ചെയ്തു.
പരമാവധി സമമർദം ചെലുത്തുക എന്ന യുഎസ് നയത്തിനു ഇറാൻ വഴങ്ങില്ലെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ 87 രാജ്യങ്ങളിൽ നിന്നുള്ള 23,000 സിവിലിയന്മാർ ഉണ്ടെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ നേരത്തെ പറഞ്ഞിരുന്നു. അവരെ രക്ഷിക്കാൻ സഹായിക്കുന്നത് ലോകത്തിനു യുഎസ് ചെയ്യുന്ന ഉപകാരമാണ്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടയാനുള്ള ഇറാന്റെ ശ്രമങ്ങൾക്കു മറുപടിയാണ് പ്രോജെക്ട് ഫ്രീഡം എന്നു സെക്രട്ടറി ഓഫ് വാർ പീറ്റ് ഹേഗ്സേഥ് പറഞ്ഞു.
Trump pauses Project Freedom to help talks