
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പരാജയപ്പെട്ടതിൽ ആഹ്ലാദപ്രകടനവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകളും ജീവനക്കാരും. തിരുവനന്തപുരം മുട്ടത്തറ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പായസം വെച്ചും പടക്കം പൊട്ടിച്ചും ബോളി വിതരണം ചെയ്തുമാണ് ഇവർ തോൽവി ആഘോഷിച്ചത്. മന്ത്രിയെന്ന നിലയിൽ ഗണേഷ് കുമാർ നടപ്പിലാക്കിയ വിവാദ പരിഷ്കാരങ്ങൾ ഡ്രൈവിങ് സ്‌കൂൾ മേഖലയെ തകർത്തെന്ന് ആരോപിച്ചാണ് ഉടമകൾ രംഗത്തെത്തിയത്. സാധാരണക്കാരെ വഴിയാധാരമാക്കിയ മന്ത്രിക്കേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്ന് ഇവർ വിശേഷിപ്പിച്ചു.
ഓട്ടോമാറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങൾ നടപ്പിലാക്കിയതിലും ഡ്രൈവിങ് ടെസ്റ്റുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും മേഖലയിലുള്ളവർക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. പലയിടത്തും ആധുനിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ഗ്രൗണ്ടിലെ കാടുവെട്ടാൻ പോലും തങ്ങൾ പണം പിരിക്കേണ്ട അവസ്ഥയാണെന്നും ഉടമകൾ പരാതിപ്പെട്ടു. തങ്ങളുടെ പരാതികൾ കേൾക്കാനോ ചർച്ചകൾ നടത്താനോ മന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയെ സമീപിക്കുമ്പോൾ ഗതാഗത മന്ത്രിയെ കാണാൻ നിർദ്ദേശിക്കുമെങ്കിലും മന്ത്രി ഒന്നിനും ചെവികൊടുത്തിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
മുൻ മന്ത്രിയും ഗണേഷ് കുമാറിന്റെ പിതാവുമായ ആർ. ബാലകൃഷ്ണപിള്ള പരാതികൾ കേൾക്കാനും നടപടിയെടുക്കാനും കാണിച്ചിരുന്ന സന്മനസ് ഗണേഷിന് ഉണ്ടായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരു വിഭാഗം ആളുകളെ മാത്രം സഹായിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രധാന ആക്ഷേപം. തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കിയ ഭരണാധികാരിയുടെ വീഴ്ചയിൽ ഒട്ടും സങ്കടമില്ലെന്നും, വരും ദിവസങ്ങളിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആഘോഷത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.