
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. താൻ പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവാണെന്നും സീനിയോറിറ്റി മാനദണ്ഡമാക്കണോ എന്ന് പാർട്ടി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ ഇടയിൽ തനിക്ക് മോശമല്ലാത്ത പിന്തുണയുണ്ടെന്നും നീതിപൂർവമായ തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷന് ഉചിതമായ തീരുമാനമെടുക്കാം, അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം പരിഗണിച്ചും നിലപാട് സ്വീകരിക്കാം. ഇതിന്റെ പേരിൽ ഘടകകക്ഷികളുമായി തർക്കമുണ്ടാകില്ലെന്നും താൻ നിലവിൽ ആർക്കും വേണ്ടി ക്യാൻവാസിംഗ് നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും, 2011-ൽ സീനിയർ നേതാവായ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് കെപിസിസി പ്രസിഡന്റായിരുന്ന താനാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നതായും ജനം വാശിയോടെ പിണറായി വിജയനെ ഭരണത്തിൽ നിന്ന് പുറത്താക്കിയതായും ചെന്നിത്തല നിരീക്ഷിച്ചു. 80-ന് മുകളിൽ സീറ്റുകൾ യുഡിഎഫ് പ്രതീക്ഷിച്ചിരുന്നു. മുന്നണിയുടെ പോസിറ്റീവ് അജണ്ടയ്ക്കുള്ള അംഗീകാരമാണ് ഈ ഫലം. ധർമ്മടത്ത് മുഖ്യമന്ത്രിയെ വിറപ്പിച്ച വി.പി. അബ്ദുൾ റഷീദാണ് അവിടുത്തെ യഥാർത്ഥ എംഎൽഎ എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്നത് മുന്നണിയുടെ കൂട്ടായ തീരുമാനമായിരുന്നു. എന്നാൽ ഏതെങ്കിലും എംപിമാർക്ക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരണമെന്നുണ്ടെങ്കിൽ അത് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. സമുദായ നേതാക്കളുടെ പ്രസ്താവനകളോട് അതേ രീതിയിൽ മറുപടി നൽകാനില്ലെന്നും, യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഉമ്മൻചാണ്ടിക്ക് ശേഷം പാർട്ടിയെ നയിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന വ്യക്തമായ സൂചനയാണ് ചെന്നിത്തലയുടെ വാക്കുകൾ നൽകുന്നത്.