Image

കോഴിക്കോട് തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു; ധർമ്മടത്ത് കോൺഗ്രസ് ഓഫീസ് തകർത്തു

Published on 05 May, 2026
കോഴിക്കോട് തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു; ധർമ്മടത്ത് കോൺഗ്രസ് ഓഫീസ് തകർത്തു

കോഴിക്കോട്/കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപക അക്രമം. കോഴിക്കോട് നരിക്കുനിയിലുണ്ടായ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിനിടെ യുഡിഎഫ് പ്രവർത്തകനായ രജീഷിന് കുത്തേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുൻ ലോക്കൽ സെക്രട്ടറി കെ.പി. പ്രേംകുമാർ ഉൾപ്പെടെയുള്ളവർക്കും മർദ്ദനമേറ്റു. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങളാണ് പലയിടത്തും തെരുവ് യുദ്ധമായി മാറിയത്.

​കോഴിക്കോട് ജില്ലയിലെ മരുതോങ്കരയിൽ കെ.എം. അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയും നല്ലളത്ത് പി.എ. മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെയും സംഘർഷങ്ങൾ അരങ്ങേറി. നല്ലളത്തെ അക്രമത്തിൽ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിൽ എന്നിവർക്ക് പരിക്കേറ്റു. ക്രമസമാധാന നില നിയന്ത്രിക്കാൻ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും പല മേഖലകളിലും ഇപ്പോഴും സംഘർഷാവസ്ഥ വിട്ടൊഴിഞ്ഞിട്ടില്ല.

​അതേസമയം, കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ കീഴത്തൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന്റെ ജനൽചില്ലുകളും ഫർണിച്ചറുകളും കൊടിമരവും ചൊവ്വാഴ്ച പുലർച്ചെയോടെ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ധർമ്മടത്ത് ആദ്യഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് ലീഡ് ഉയർത്തിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക