
ചെന്നൈ: ഓരോ വോട്ടിന്റെയും 'വില' വലുതാണെന്ന് ഡിഎംകെയും പ്രത്യേകിച്ച് അവരുടെ മന്ത്രി കെ.ആര്‍. പെരിയകറുപ്പനും തിരിച്ചറിഞ്ഞ ദിവസമായിരുന്നു തിങ്കളാഴ്ച.തമിഴ്നാട്ടിലെ തിരുപ്പട്ടൂര്‍ മണ്ഡലത്തിലാണ് ഡിഎംകെ മന്ത്രി പെരിയകറുപ്പന് ഒരുവോട്ടിന് എതിര്‍സ്ഥാനാര്‍ഥിയോട് അടിയറവ് പറയേണ്ടിവന്നത്.
ആദ്യംമുതല്‍ അവസാനംവരെ മുള്‍മുനയിലായിരുന്നു ശിവഗംഗ ജില്ലയിലെ തിരുപ്പട്ടൂരിലെ വോട്ടെണ്ണല്‍. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സഹകരണമന്ത്രിയും സിറ്റിങ് എംഎല്‍എയുമായ കെ.ആര്‍. പെരിയകറുപ്പന്‍ ഒരുവോട്ടിന് തോല്‍ക്കുകയായിരുന്നു. ഡിഎംകെയില്‍നിന്ന് ടിവികെ സ്ഥാനാര്‍ഥിയാണ് ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തത്.
ടിവികെ സ്ഥാനാര്‍ഥിയായ ശ്രീനിവാസ സേതുപതിക്ക് 83375 വോട്ടുകള്‍ കിട്ടിയപ്പോള്‍ മന്ത്രി പെരിയകറുപ്പന് 83374 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ കെ.സി. തിരുമാരനാണ് മൂന്നാമതെത്തിയത്- 29054 വോട്ട്.
വിജയ് നയിച്ച ടിവികെയുടെ വന്‍ മുന്നേറ്റമാണ് ഇത്തവണത്തെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. ടിവികെ മുന്നേറ്റത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം ഡിഎംകെയിലെ പല പ്രമുഖര്‍ക്കും കാലിടറി. 108 സീറ്റുകളാണ് ടിവികെ ജയിച്ചത്. ഡിഎംകെ 59 സീറ്റുകളിലൊതുങ്ങി. എഐഎഡിഎംകെ 47 സീറ്റുകള്‍ നേടി.