
ഹോർമുസ് കടലിടുക്കിൽ തിങ്കളാഴ്ച്ച യുഎസ് സേന ഇറാന്റെ ആറ് ചെറു ബോട്ടുകൾ മുക്കി. ഹോർമുസ് തുറക്കാനുള്ള ശ്രമങ്ങൾ തടയാൻ ശ്രമിച്ചാൽ ഇറാന്റെ ഭരണകൂടത്തെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് ട്രംപ് താക്കീതു നൽകി.
കടലിടുക്കിൽ കപ്പൽ ഗതാഗതം തടയാൻ ഇറാൻ 20 മുതൽ 40 വരെ ചെറുബോട്ടുകൾ ഇറക്കിയിട്ടുണ്ടെന്നു സെന്റ്‌കോം മേധാവി അഡ്‌മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. "ഇന്നു ഞങ്ങൾ ആറെണ്ണം കണ്ടു, അവയെ ഉടൻ തീർത്തു."
എഎച്-64 ഹെലികോപ്റ്ററുകളും എംഎച് 60 സീഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ കനത്ത സന്നാഹം ഹോർമുസിനു ചുറ്റും ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഹോർമുസിൽ കടക്കാൻ യുഎസ് സേന ശ്രമിച്ചാൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ ഖതം അൽ-ആൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് താക്കീതു നൽകി.
"ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഞങ്ങൾക്കാണെന്നു ഞങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആ വഴി പോകുന്ന കപ്പലുകൾ ഞങ്ങളുടെ സൈന്യവുമായി ബന്ധപ്പെടേണ്ടതാണ്."
ഹോർമുസിൽ കൂടി കപ്പൽ ഗതാഗതം സുഗമമാക്കാൻ 'പ്രോജക്ട് ഫ്രീഡം' എന്ന ദൗത്യം ട്രംപ് ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. കപ്പലുകൾക്ക് കടന്നു പോകാൻ സഹായം നൽകുക മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് യുഎസ് വ്യക്തമാക്കിയെങ്കിലും അതിനു അനുവദിക്കില്ല എന്ന ഇറാന്റെ നിലപാട് സംഘർഷത്തിനു വഴിതെളിക്കുമെന്ന ആശങ്കയുണ്ട്.
ഇറാൻ ബോട്ടുകൾ മുക്കിയത് വെടിനിർത്തലിന്റെ ലംഘനമാണോ എന്ന ചോദ്യത്തിനു കൂപ്പർ മറുപടി നൽകിയില്ല. "പ്രതിരോധ ദൗത്യം മാത്രമാണ് ഞങ്ങൾക്കുള്ളത്. പേർഷ്യൻ ഗൾഫിലൂടെ കടന്നു പോകാൻ കപ്പലുകൾക്കു കനത്ത സുരക്ഷ നൽകും."
സൗത്ത് കൊറിയൻ കപ്പലിൽ തീ
പേർഷ്യൻ ഗൾഫിൽ 87 രാജ്യങ്ങളുടെ വക നിരവധി കപ്പലുകൾ കെട്ടിക്കിടപ്പുണ്ട്. തിങ്കളാഴ്ച്ച രണ്ടു കപ്പലുകളെങ്കിലും സുഗമമായി കടന്നു പോയെന്നു സെന്റ്‌കോം പറഞ്ഞു. അത് വെറും നുണയാണെന്ന് ഇറാനും.
സെന്റ്‌കോമിന്റെ സഹായം തേടി ഇറാന്റെ രോഷം വിളിച്ചുവരുത്താൻ എത്ര കപ്പലുകൾ ശ്രമിക്കുമെന്നു വ്യക്തമല്ല. സൗത്ത് കൊറിയയുടെ ഒരു കപ്പൽ കടന്നു പോകാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറി ഉണ്ടായെന്നു റിപ്പോർട്ടുണ്ട്. എൻജിൻ റൂം കത്തിയെന്നു സൗത്ത് കൊറിയ വിദേശകാര്യ വകുപ്പ് അറിയിച്ചു. അവരുടെ 26 കപ്പലുകൾ ഹോർമുസ് കടക്കാൻ കാത്തു കിടപ്പുണ്ട്.
അതു കൊണ്ടു സൗത്ത് കൊറിയ സെന്റ്‌കോമിന്റെ ദൗത്യത്തിൽ പങ്കാളിയാവുമെന്നു ട്രംപ് പറഞ്ഞു.
US sinks 6 small Iranian boats