Image

വൈറ്റ് ഹൗസിനു സമീപം തോക്കുമായി എത്തിയ ആളെ സീക്രട്ട് സർവീസ് കീഴടക്കി (പിപിഎം)

Published on 05 May, 2026
വൈറ്റ് ഹൗസിനു സമീപം തോക്കുമായി എത്തിയ ആളെ സീക്രട്ട് സർവീസ് കീഴടക്കി (പിപിഎം)

നാഷനൽ മാളിനു സമീപം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നരയോടെ വെടിവയ്‌പ്‌ ഉണ്ടായതിനെ തുടർന്നു വൈറ്റ് ഹൗസ് അല്പനേരത്തേക്കു ലോക്ക്ഡൗൺ ചെയ്‌തു. വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ട്രംപിന്റെ കാര്യപരിപാടികൾ തടസമില്ലാതെ തുടർന്നു.  

തോക്കേന്തിയ ഒരാൾ വെടിവച്ചതിനെ തുടർന്നു വൈറ്റ് ഹൗസിനു സമീപം യൂണിഫോം ധരിക്കാതെ പട്രോളിംഗ് നടത്തിയിരുന്ന സീക്രട്ട് സർവീസ് അംഗങ്ങൾ തിരിച്ചു വെടിവച്ചു.  ആയുധധാരിയെ സംശയകരമായ സാഹചര്യത്തിലാണ് കണ്ടതെന്നു സീക്രട്ട് സർവീസ് ഡെപ്യൂട്ടി ഡയറക്‌ടർ മാറ്റ് ക്വിൻ അറിയിച്ചു. സംശയം തോന്നിയ ഏജന്റുമാർ സമീപിച്ചപ്പോൾ അയാൾ ഓടിയതിനെ തുടർന്നാണ് വെടി വയ്‌ക്കേണ്ടി വന്നത്.

അക്രമിയെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം പോലീസ് കസ്റ്റഡിയിൽ എടുത്തെന്നു ക്വിൻ പറഞ്ഞു. വെടിവയ്‌പിനു നടുവിൽ പെട്ട ഒരു കൗമാരക്കാരനു പരുക്കേറ്റു. എന്നാൽ അദ്ദേഹം അപകടനിലയിലല്ല. അക്രമിയാണ് അദ്ദേഹത്തെ വെടിവച്ചതെന്ന് ക്വിൻ ആരോപിച്ചു.

വെടിവയ്‌പ്‌ കഴിഞ്ഞു അൽപനേരം കഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വാഹനവ്യൂഹം ആ വഴി കടന്നു പോയി. ഏതാണ്ട് ആ സമയത്തു തന്നെ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ പത്ര സമ്മേളനം നടത്തുകയായിരുന്നു. നോർത്ത് ലോണിൽ ഉണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാരെ അപ്പോൾ പ്രസ് റൂമിലേക്കു നിയോഗിച്ചു.

വൈറ്റ് ഹൗസിനു പരിസരത്തെ റോഡുകൾ മണിക്കൂറുകളോളം അടച്ചിടുമെന്നു മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

വെടിവയ്‌പിനെ കുറിച്ചു പരാമർശിക്കാതെ ട്രംപ് പറഞ്ഞു: "വാഷിംഗ്‌ടൺ ഡി സി ഇപ്പോൾ ലോകത്തെ ഏറ്റവും സുരക്ഷിതമായ തലസ്‌ഥാനമാണ്." അക്രമി പ്രസിഡന്റിനെ ലക്‌ഷ്യം വച്ചാണ് വന്നതെന്നതിനു തത്കാലം യാതൊരു സൂചനയും ഇല്ലെന്നു അധികൃതർ പറഞ്ഞു. വാൻസിനെ ലക്‌ഷ്യം വച്ചാണ് വന്നതെന്നും സംശയമില്ലെന്നു ക്വിൻ പറഞ്ഞു.

White House placed on lockdown after shooting nearby

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക