Image

ഏദനിലെ താമസക്കാർ (നോവല്‍-14: ലൈല അലക്‌സ്)

Published on 04 May, 2026
ഏദനിലെ താമസക്കാർ (നോവല്‍-14: ലൈല അലക്‌സ്)

കാറിൽ ഇരിക്കുമ്പോൾ, അവർ രണ്ടു പേരും, സാറാക്കുട്ടിയുo അച്ചനും നിശ്ശബ്ദരായിരുന്നു. തിരികെ ഫ്ലാറ്റിൽ എത്തിക്കഴിഞ്ഞിട്ടും സംഭാഷണം ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങി. 
രാജീവൻറെ വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാര സാധനങ്ങൾ ഡ്രൈവർ അകത്തു കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ചു. സാറാക്കുട്ടി തനിയെ വലിയ പാചകം ഒന്നും നടത്താറില്ല. പ്രത്യേകിച്ചും വിരുന്നുകാർ ആരെങ്കിലും വന്നാൽ, വേണ്ടുന്ന വിഭവങ്ങൾ ഉണ്ടാക്കി രാജീവൻറെ വീട്ടിൽ നിന്നും കൊടുത്തയക്കാറാണ് പതിവ്. അവർ രണ്ടു പേരും കൂടിയിരുന്നു ഭക്ഷണം കഴിച്ചു.
സാറാക്കുട്ടിയുടെ മുഖം മ്ലാനമായിരുന്നു എന്ന് അച്ചൻ ശ്രദ്ധിച്ചു. പക്ഷേ ഒന്നും ചോദിക്കാൻ പോയില്ല. എന്തൊക്കെയോ അശുഭകരമായതു സംഭവിക്കുന്നുണ്ട്. അല്ല, അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൻറെ സൂചനകൾ മാത്രമാണ് ഇത്. തന്നോട് പറയാത്ത എന്തോ ചിലതൊക്കെ ഉണ്ടെന്നു അച്ചന് തോന്നി. ജോർജിൻറെ വീട്ടിൽ വെച്ചും, പിന്നെ രാജീവൻറെ വീട്ടിൽ വെച്ചും സാറാക്കുട്ടിയുടെ മുഖത്തുണ്ടായ ഭാവഭേദം അച്ചൻ വ്യക്തമായി കണ്ടതാണ്. രാജീവനിൽ നിന്ന് മറെയ്ക്കുന്ന, അല്ലെങ്കിൽ മറയ്ക്കേണ്ടുന്ന എന്തോ ഒന്ന്.... വനജയോട്  ഇനി ഒന്നും ചോദിക്കരുത് എന്ന ഉപദേശത്തിന് പിന്നിലും അത് തന്നെ എന്ന് അച്ചന് മനസ്സിലായിരുന്നു. എന്തായാലും, പറയാൻ മനസ് തയ്യാറാകുമ്പോൾ സഹോദരി തൻറെ  അടുത്തേക്ക് വരുമെന്ന് അച്ചന് അറിയാമായിരുന്നു. 
പ്രതീക്ഷ തെറ്റിയില്ല. ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി വെച്ച് കിച്ചൻ ക്ലീൻ ചെയ്തിട്ട് സാറാക്കുട്ടി അച്ചൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു. അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്നു.   
'അച്ചാ... ഉറങ്ങിയോ?' 
'ഇല്ല. അമ്മാമ്മയ്ക്കു എന്തോ പറയാനുണ്ടെന്ന് എനിക്ക് അറിയാം.’ അച്ചൻ ടി. വി ഓഫ് ചെയ്തിട്ട്, കിടക്കയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു. 
സാറാക്കുട്ടി മിണ്ടിയില്ല. താടിക്കു കൈകൊടുത്ത് കുറച്ചുനേരം എന്തോ ആലോചിച്ചുകൊണ്ടിരുന്നു. അവർ ഒന്നും പറയുന്നില്ല എന്നുകണ്ടപ്പോൾ, അച്ചൻ പറഞ്ഞു:
‘സുമയും ബീനയും, വനജയെ വിളിച്ചിട്ടു അവൾ നിൽക്കാതെ പോയതല്ല അമ്മാമ്മ യെ അലട്ടുന്നത്. അവളെ കണ്ടു എന്ന് പറഞ്ഞ സ്ഥലം... അല്ലെങ്കിൽ അവൾ പോയ കാരണം.... അമ്മാമ്മയ്ക്കു അറിയാം. എന്തോ അതിലുണ്ട്. അതുകൊണ്ടാണ്, വനജയോട് ഇനി ഒന്നും ചോദിക്കേണ്ട എന്ന് രാജീവനോട് പറഞ്ഞതും.' 
ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു തുടങ്ങി.
'ങും. എനിക്ക് പറയാനുള്ളത് വൽസയെ കുറിച്ചാണ്. അവൾക്കു അവിടെ അവളുടെ ഭർത്താവിൻറെ വീട്ടിൽ പ്രോബ്ലെംസ് ഒത്തിരിയുണ്ട്. ആ സോമൻ ഒരു ഉത്തരവാദിത്തം ഇല്ലാത്തവനാണെന്നു അച്ചന് അറിയാമല്ലോ. അവൾ പലപ്പോഴായി എന്നോട് പണം ചോദിക്കാറുണ്ട്... ഞാൻ കൊടുക്കുകയും ചെയ്യും. '
രാവിലത്തെ സംഭവവുമായി വത്സയ്ക്കു എന്താണ് ബന്ധം എന്ന് അച്ചൻ ഒന്ന് ചിന്തിച്ചു.
‘ഇതൊക്കെ വനജയ്ക്കു അറിയാം രാജീവന് അറിയില്ല...' 
'വത്സ അമ്മാമ്മയെ കാണാൻ വരാറുണ്ടോ?...' അച്ചൻ ചോദിച്ചു.
'ഞാൻ ഈ ഫ്ലാറ്റിലേക്ക് മാറിയതിൽ പിന്നെ ഇവിടേയ്ക്ക് വരും. രാജീവൻറെ വീട്ടിലേക്കു ഇല്ല...'
'ങും...' അച്ചൻ മൂളി.
'ഈയിടെ അവൾ ഒരു കാര്യം പറഞ്ഞു; എൻറെ പേരിലുള്ള കമ്പനിയുടെ ഷെയറിൽ ഒരു ഭാഗം അവൾക്കു കൊടുക്കണം എന്ന്. കുറച്ചു വല്ലതും അവൾക്കു കൊടുക്കണം എന്ന് എനിക്കും ഉണ്ട്. പക്ഷെ, രാജീവൻ സമ്മതിക്കുകയില്ല...’
'അതെന്താ...?’
'സോമനെ രാജീവന് ഒട്ടും വിശ്വാസമില്ല. അവനെ കുറ്റം പറയാനും പറ്റില്ല. അവൾക്കു കൊടുത്ത ഡൗറിയും, ഓർണമെന്റ്സും എല്ലാം ഇതിനോടകം വിറ്റു തുലച്ചു എന്നാണ് അറിയുന്നത്.'
'സോമന് കമ്പനിയിൽ ജോലി കൊടുത്തതേ ഞാൻ ഒരുപാടു കരഞ്ഞു പറഞ്ഞിട്ടാണ്... ഒരു ഗുണമില്ലാത്തവനാ അവൻ... എൻറെ കുഞ്ഞിന് പറ്റിയ അബദ്ധം...'
സാറാക്കുട്ടിയുടെ ശബ്ദം പതറി. കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി...
'സുമ പറഞ്ഞില്ലേ വനജയെ കണ്ടത് കുരുവിളയുടെ ഓഫീസിനടുത്തു വെച്ചാണെന്നു... '
'അതിന്...?'
'കുരുവിള സ്റ്റോക്ക് ബ്രോക്കറാ.... ഷെയറുകൾ വിൽക്കുന്നതിനെക്കുറിച്ചു ഞാൻ അയാളോടാണ് അന്വേഷിച്ചത്... വത്സ നിർബന്ധിച്ചപ്പോൾ വെറുതെ അയാളോട് ഒന്ന് ചോദിച്ചെന്നു മാത്രം. അത് വനജ അറിഞ്ഞിട്ടുണ്ടാവണം.  അതിനായിരിക്കും അവൾ അവിടെ പോയത്... '
'ഇതൊന്നും രാജീവന് അറിയില്ല? '
'ആവോ... വനജ രാജീവനോട് പറയാതിരിക്കുമോ? എനിക്കറിയില്ല... എനിക്കൊന്നും അറിയില്ല...' അവർ കരഞ്ഞു.
'ങും' അച്ചൻ മൂളി..
കുറച്ചു നേരം അവർ രണ്ടുപേരും ഒന്നും പറഞ്ഞില്ല.
'അമ്മാമ്മേ...' അച്ചൻ അവരുടെ കൈ പിടിച്ചു. 'ഒട്ടും താമസിക്കാതെ അമ്മാമ്മ  ഈ കാര്യങ്ങൾ രാജീവനോട് പറയണം... എനിക്ക് നിങ്ങളുടെ കമ്പനിയുടെ ഓണർഷിപ് വ്യവസ്ഥകൾ ഒന്നും അറിയില്ല. അതിനെക്കുറിച്ചൊന്നും അഭിപ്രായം പറയാനുള്ള അറിവും ഇല്ല. പക്ഷെ, ഒരു കാര്യം ഞാൻ പറയാം, രാജീവൻ അറിയാതെ ഷെയറും മറ്റും, ഒരു യൂണിറ്റ് പോലും കൈമാറ്റം ചെയ്യരുത്...'
'ഇല്ല ഒരിക്കലും ഇല്ല... വിൽക്കണമെന്നോ, കൈമാറ്റം ചെയ്യണമെന്നോ ഒന്നും ആലോചിച്ചിട്ടേയില്ല. വത്സ വന്ന് പറഞ്ഞപ്പോൾ, വെറുതെ ഒന്ന് അന്വേഷിച്ചതാണ്... അവളെ സമാധാനിപ്പിക്കാൻ' 
‘ഇനിയിപ്പോൾ രാജീവൻ അറിയുമ്പോൾ എന്തൊക്കെ സംഭവിക്കുമോ, എന്തോ... അവനെ ഞാൻ ചതിച്ചു എന്ന് അവൻ ഓർക്കത്തില്ലേ?’
‘ഇത് ഏതായാലും ഒട്ടും താമസിക്കാതെ രാജീവനോട് പറയണം.... പിന്നെ, വത്സയുടെ പ്രശ്നങ്ങൾ… അതും എന്നായാലും രാജീവൻ അറിയേണ്ടതല്ലേ?’ 
കുറെ നേരം കൂടി സംസാരിച്ചിരുന്ന ശേഷം ഒരുമിച്ചു പ്രാർത്ഥിച്ചിട്ടാണ് ആ സഹോദരങ്ങൾ ഉറങ്ങാൻ കിടന്നത്.

Read More: https://www.emalayalee.com/writer/69

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക