
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അമ്പരിപ്പിച്ച് ബി.ജെ.പിയുടെ വൻ മുന്നേറ്റത്തിനിടെ പ്രവർത്തകർക്ക് ആത്മ വിശ്വാസം പകർന്ന് മുഖ്യമന്ത്രി മമത ബാനർജി . ആദ്യഘട്ട സൂചനകളിൽ ബി.ജെ.പി കേവല ഭൂരിപക്ഷം മറികടന്ന് 180ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ, തുടക്കത്തിലെ ഈ ട്രെൻഡുകളിൽ തളരരുതെന്നും അന്തിമ വിജയം തൃണമൂലിനായിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി വിഡിയോ സന്ദേശത്തിലൂടെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഒരു കാരണവശാലും ഏജന്റുമാർ പുറത്തുപോകരുതെന്ന് മമത കർശന നിർദേശം നൽകി. ‘രണ്ടോ മൂന്നോ റൗണ്ട് വോട്ടെണ്ണൽ മാത്രമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇനിയും 15ലധികം റൗണ്ടുകൾ ബാക്കിയുണ്ട്. അതുകൊണ്ട് ഇപ്പോൾ നിരാശപ്പെടേണ്ട കാര്യമില്ല’ മമത പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ചിത്രം മാറുമെന്നും തൃണമൂൽ വിജയിക്കുമെന്നും അവർ അവകാശപ്പെട്ടു. ആരും പേടിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേർത്തു.