
തവനൂർ: ബലാബല പോരാട്ടത്തിനൊടുവിൽ തവനൂരിൽ കെ.ടി. ജലീലെന്ന അതികായനെ മലർത്തിയടിച്ച് വി.എസ്. ജോയ് പുതിയ വിജയചരിത്രമെഴുതി. മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ ഏറ്റവും വീറും വാശിയും കണ്ട തെരഞ്ഞെടുപ്പായിരുന്നു തവനൂരിലേത്.
ഒടുവിൽ, മലപ്പുറത്തിന്റെ മതേതര പാരമ്പര്യത്തിലേക്ക് മറ്റൊരു ഏടുകൂടി കൂട്ടിച്ചേർക്കുന്നതായി ജോയിയുടെ വിജയം. ഒരു ശതമാനം മാത്രം ക്രിസ്ത്യൻ വോട്ടുള്ള മണ്ഡലത്തിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജോയ് ജയിച്ചുകയറുന്നത്.
മണ്ഡലത്തിൽ വ്യക്തിപരമായി ആഴത്തിൽ ബന്ധമുള്ള കെ.ടി. ജലീലിന്റെ അവകാശവാദങ്ങളുടെ അടിവേരറുത്താണ് ഇക്കുറി മാറ്റത്തിന്റെ കാറ്റ്. ആകെയുള്ള 17 റൗണ്ടിൽ 16ഉം എണ്ണിയപ്പോൾ വി.എസ്. ജോയ് 79380 വോട്ട് നേടി. ജലീലിന് 64804 വോട്ടുകൊണ്ട് തൃപ്തിയടയേണ്ടി വന്നു. 14576 വോട്ടാണ് ജോയിയുടെ ഭൂരിപക്ഷം.
77.8 ശതമാനമായിരുന്നു തവനൂർ മണ്ഡലത്തിലെ പോളിങ്. മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായാണ് മണ്ഡലത്തിൽ ഇത്രയും വലിയ പോളിങ് രേഖപ്പെടുത്തുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.40% ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും 2,564 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ കെ.ടി. ജലീലിന് മണ്ഡലം പിടിച്ചുനിർത്താനായത്.