Image

"തൂക്കി ത്രിവർണ്ണ കരങ്ങളോടെ" ; യുഡിഎഫ് ഭരണം ഉറപ്പിച്ചു, തകർന്നടിഞ്ഞ് 13 മന്ത്രിമാർ

Published on 04 May, 2026
"തൂക്കി ത്രിവർണ്ണ കരങ്ങളോടെ" ; യുഡിഎഫ് ഭരണം ഉറപ്പിച്ചു, തകർന്നടിഞ്ഞ് 13 മന്ത്രിമാർ

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ താഴെയിറക്കി യു.ഡി.എഫ് വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ 99 സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽ.ഡി.എഫ് കേവലം 39 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, രണ്ട് സീറ്റുകളിൽ എൻ.ഡി.എ മുന്നേറ്റം തുടരുന്നു. വിജയമുറപ്പിച്ചതോടെ കെ.പി.സി.സി ആസ്ഥാനത്ത് ഉന്നത നേതാക്കൾ യോഗം ചേർന്നു. ജനവിധിയിൽ നന്ദി അറിയിക്കുന്നതായും പൂർണ്ണരൂപം വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ ആഹ്ലാദപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കണ്ടു.

​രണ്ടാം പിണറായി സർക്കാരിലെ 13 മന്ത്രിമാർ പരാജയഭീതിയിൽ നിൽക്കുന്ന അവിശ്വസനീയമായ കാഴ്ചയാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്. വി. ശിവൻകുട്ടി, വീണാ ജോർജ്, എം.ബി. രാജേഷ്, പി. രാജീവ്, വി.എൻ. വാസവൻ, ആർ. ബിന്ദു തുടങ്ങി മന്ത്രിസഭയിലെ പ്രമുഖരെല്ലാം വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ പിന്നിലാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് കനത്ത വെല്ലുവിളികൾക്കിടയിലും 1536 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചത് സി.പി.എമ്മിന് നേരിയ ആശ്വാസമായി. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെയും പിന്നോട്ടുപോക്ക് ഇടതുപക്ഷത്തിന് കനത്ത പ്രഹരമായി.

​യു.ഡി.എഫിലെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതോടെ സംസ്ഥാനത്തെ കോൺഗ്രസ് - യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ കേരളം മാറ്റത്തിന് വോട്ട് ചെയ്തെന്നാണ് പ്രാഥമിക സൂചനകൾ. ഉച്ചയ്ക്ക് ഒരു മണിയോടെ യു.ഡി.എഫ് നേതാക്കൾ വീണ്ടും മാധ്യമങ്ങളെ കാണും. ഉമ്മൻചാണ്ടി സർക്കാരിന് ശേഷം കേരളം വീണ്ടും വലതുപക്ഷത്തേക്ക് ചായുന്ന രാഷ്ട്രീയ ചിത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക