
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിലാകെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയിൽ ജില്ലാ കളക്ടർ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് പ്രകാരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ മാത്രമായിരിക്കും നിയന്ത്രണങ്ങൾ ബാധകമാവുക. ജില്ലയിലുടനീളം നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള മുൻ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിമാറിയതോടെയാണ് നിയന്ത്രണങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാത്രമായി ചുരുക്കാൻ ജില്ലാ ഭരണകൂടം തയ്യാറായത്.
ക്രമസമാധാന നില ഉറപ്പാക്കാനും ജനങ്ങൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാനുമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ സ്നേഹിൽ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു ജില്ലയെ മുഴുവനായി നിയന്ത്രണത്തിലാക്കുന്നത് ജനാധിപത്യപരമായ ആഘോഷങ്ങളെ തടയുമെന്നു കാട്ടി വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്നാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും മാത്രം നിരോധനാജ്ഞ നിലനിർത്തിക്കൊണ്ട് ഇളവുകൾ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞയിൽ ഇളവ് വരുത്തിയെങ്കിലും ജില്ലയിൽ പടക്ക വിൽപനയ്ക്കുള്ള നിരോധനം തുടരും. വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, ആഘോഷങ്ങൾ അതിരുവിടുകയോ അക്രമ സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്താൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാനപരമായ വോട്ടെണ്ണൽ പ്രക്രിയ ഉറപ്പാക്കാൻ വൻ പോലീസ് സന്നാഹത്തെയാണ് ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്.