
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലാക്കി. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് കോതമംഗലം പോലീസാണ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. അർജുൻ ആയങ്കിക്കൊപ്പം പിടികൂടിയവരിൽ പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കോതമംഗലം സ്റ്റേഷൻ പരിധിയിൽ അർജുനും സംഘവും എത്തിയതിന്റെ കൃത്യമായ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചു വരികയാണ്. കരുതൽ തടങ്കലിന്റെ ഭാഗമായാണ് നടപടിയെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻപ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അർജുൻ, പിന്നീട് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ടതോടെയാണ് പോലീസിന്റെ നിരീക്ഷണ വലയിലാകുന്നത്.
ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കിയെ ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പുറത്തുവന്നതിനെത്തുടർന്നാണ് സംഘടന പുറത്താക്കിയത്. മുൻപ് കണ്ണൂരിലെ വിവിധ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഇയാൾ, പാർട്ടിയിൽ നിന്ന് പുറത്തായ ശേഷവും സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിയിരുന്നു. ഇത് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള ക്വട്ടേഷൻ പ്രവർത്തനങ്ങൾ മറയ്ക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.
വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' സംഘത്തിലെ പ്രധാനിയാണ് അർജുൻ. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെയും ആക്രമണങ്ങളുടെയും പേരിൽ ഇയാൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകളുണ്ട്. ഗുണ്ടാബന്ധമുള്ള സംഘത്തോടൊപ്പം അർജുൻ എറണാകുളം ജില്ലയിൽ എത്തിയത് ഏതെങ്കിലും പുതിയ ക്വട്ടേഷൻ്റെ ഭാഗമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.