
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് മണ്ഡലത്തിലുടനീളം റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മണ്ഡലത്തിലെ ആകെ 285 പോളിംഗ് ബൂത്തുകളിലും ഈ മാസം 21-ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് കമ്മീഷന്റെ നിർണ്ണായക നടപടി. 21-ന് നടക്കുന്ന പോളിംഗിന് ശേഷം 24-ന് വോട്ടെണ്ണൽ നടക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി ഏപ്രിൽ 29-നാണ് ഫാൽതയിൽ പോളിംഗ് നടന്നത്. വോട്ടെടുപ്പ് ദിവസവും അതിനുശേഷവും തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത സംഘർഷങ്ങളാണ് ഇവിടെ അരങ്ങേറിയത്. പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കലും കള്ളവോട്ട് ആരോപണങ്ങളും ഉയർന്നതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23-നാണ് പൂർത്തിയായത്.
നേരത്തെ, രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലും ക്രമക്കേടുകളെ തുടർന്ന് റീ പോളിംഗ് നടത്തിയിരുന്നു. എന്നാൽ ഒരു മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും റീ പോളിംഗ് പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും 21-ലെ വോട്ടെടുപ്പ് പൂർത്തിയാക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.