
കൽപ്പറ്റ: ഗ്രാമത്തുവയലിലെ വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണാഭരണം കവർന്ന കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ്റമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ ആലക്കോട് സ്വദേശി കെ.യു. മുഹമ്മദ് (46), ഇയാൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്ന പുൽപ്പള്ളി സ്വദേശി കെ.ടി. ജോസ് (72) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഏപ്രിൽ 23-ന് രാത്രിയായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്. മഫ്തിയിലെത്തിയ പോലീസ് സംഘം ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളെ വലയിലാക്കിയത്.
നാട്ടുകാർക്കിടയിൽ വലിയ ജീവകാരുണ്യ പ്രവർത്തകനായി ചമഞ്ഞായിരുന്നു മുഹമ്മദിന്റെ തട്ടിപ്പുകൾ. മോഷണപ്പണം ഉപയോഗിച്ച് നിർമ്മിച്ച രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലായിരുന്നു ഇയാളുടെ താമസം. 2017-ൽ കോഴിക്കോട് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മുഹമ്മദ് പിടിയിലായപ്പോൾ വീട്ടിലെ രഹസ്യ അറകളിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇത്തവണയും പോലീസിനെ കബളിപ്പിക്കാൻ മുന്തിയ ഇനം വാഹനങ്ങളും ആധുനിക വേഷവിധാനങ്ങളും ഇയാൾ മറയാക്കിയിരുന്നു. ക്യാമറകളിൽ കുടുങ്ങാതിരിക്കാൻ ശരീരം പൂർണ്ണമായും മറച്ചും വേഷം മാറിയും അതിവിദഗ്ദ്ധമായാണ് മുഹമ്മദ് മോഷണം നടത്തിയിരുന്നത്.
മോഷണം നടത്തേണ്ട വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകിയിരുന്നത് ജോസായിരുന്നു. അടച്ചിട്ട വീടുകൾ കണ്ടെത്തി ജോസ് നൽകുന്ന വിവരമനുസരിച്ച് മുഹമ്മദ് നേരിട്ടെത്തി പൂട്ടുപൊളിച്ച് കവർച്ച നടത്തും. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡ് ആലക്കോട്, ബോയ്‌സ് ടൗൺ എന്നിവിടങ്ങളിൽ വെച്ചാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. പതിനെട്ടാം വയസ്സിൽ മോഷണം തുടങ്ങിയ മുഹമ്മദിനെതിരെ വിവിധ ജില്ലകളിൽ വാറന്റുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.