
തിരുവനന്തപുരം: ഉദ്യേഗഭരിതമായ 25 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണുക. ജനവിധി കൃത്യമായി രേഖപ്പെടുത്താനായി 15,000-ഓളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത്. രാഷ്ട്രീയ കേരളം അതീവ ജാഗ്രതയോടെയും ആകാംക്ഷയോടെയുമാണ് നാളത്തെ ഫലപ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്.
തുടർഭരണം എന്ന ചരിത്രനേട്ടം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്. ചുരുങ്ങിയത് 75 സീറ്റുകൾ നേടി അധികാരം നിലനിർത്താനാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, മൂന്നാം വട്ടവും ഭരണത്തിലേറി പുതിയ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാജയപ്പെട്ടാൽ ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം നീങ്ങുമെന്നതിനാൽ ഈ പോരാട്ടം അവർക്ക് അതിനിർണ്ണായകമാണ്.
മറുഭാഗത്ത്, എൺപത്തിയഞ്ചിലധികം സീറ്റുകൾ നേടി ഭരണത്തിൽ തിരിച്ചെത്തുമെന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കാമെന്നും അവർ കണക്കാക്കുന്നുണ്ട്. യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ മുന്നണിക്ക് വലിയ ആവേശം പകർന്നിട്ടുണ്ട്. തുടർച്ചയായി 10 വർഷം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിൽ മുന്നണി സംവിധാനത്തിന്റെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.
ഇരു മുന്നണികളെയും വെല്ലുവിളിച്ച് ചുരുങ്ങിയത് രണ്ട് സീറ്റുകളെങ്കിലും ഉറപ്പാണെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ബിജെപിക്ക് വലിയ സ്വാധീനമുള്ള നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വിജയമുറപ്പാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനുപുറമെ പാലക്കാട്, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ബിജെപി, കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറാനുള്ള ഒരുക്കത്തിലാണ്. പ്രവചനാതീതമായ ഈ പോരാട്ടത്തിൽ കേരളം ആർക്കൊപ്പം നിൽക്കുമെന്ന് നാളെ ഉച്ചയോടെ വ്യക്തമാകും.