
തിരുവനന്തപുരം: കെഎസ്ഇബി മുൻ ചെയർമാനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകറിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻടിയുസി യങ് വർക്കേഴ്‌സ് കൗൺസിൽ. തൊഴിലാളി വിരുദ്ധ മനോഭാവമുള്ള ബിജു പ്രഭാകറിനെ കോൺഗ്രസിന്റെ വരാന്തയിൽ പോലും അടുപ്പിക്കരുതെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണമാറ്റം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ 'മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷജന്തുക്കളെ' കോൺഗ്രസ് കരുതിയിരിക്കണമെന്നും പ്രമേയത്തിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നു.
പദവിയിലിരുന്ന കാലത്തെ അഴിമതികൾ പുറത്തുവരുമെന്ന ഭയമാണ് ബിജു പ്രഭാകറിന്റെ പെട്ടെന്നുള്ള കോൺഗ്രസ് പ്രേമത്തിന് പിന്നിലെന്ന് ഐഎൻടിയുസി ആരോപിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച വ്യക്തിയെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നത് ഗുണകരമാകില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇടതുസർക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ബിജു പ്രഭാകർ നടത്തിയ ചില വെളിപ്പെടുത്തലുകൾ വിവാദമായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിട്ടില്ലെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ബിജു പ്രഭാകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ 'നാം നമ്മെ കൊള്ളയടിക്കുമ്പോൾ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹം സർക്കാരിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ നടത്തിയത്. ജനങ്ങൾ അറിയാതെ തന്നെ ലോഡ് ഷെഡ്ഡിങ് നടത്താൻ പ്രൊഫഷണൽ എൻജിനീയർമാർക്ക് സാധിക്കുമെന്നും താൻ കെഎസ്ഇബി ചെയർമാനായിരുന്ന കാലത്ത് ഇത്തരത്തിൽ പലതവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കെയാണ് ഐഎൻടിയുസിയുടെ ഭാഗത്തുനിന്നുള്ള ഈ പ്രതിഷേധം. ട്രാൻസ്മിഷൻ ഡയറക്ടർമാരുമായി ആലോചിച്ച് ആരും അറിയാത്ത രീതിയിൽ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സർക്കാർ വൃത്തങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ ബിജു പ്രഭാകറിന്റെ ഈ മലക്കംമറിച്ചിലുകൾ രാഷ്ട്രീയ അഭയം തേടിയുള്ള നാടകമാണെന്നാണ് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ ആരോപണം.