Image

ഇറാന്റെ നിർദേശങ്ങൾ പരിശോധിക്കും, സംശയങ്ങൾ ബാക്കിയുണ്ടെന്നു ട്രംപ് (പിപിഎം)

Published on 03 May, 2026
 ഇറാന്റെ നിർദേശങ്ങൾ പരിശോധിക്കും, സംശയങ്ങൾ ബാക്കിയുണ്ടെന്നു ട്രംപ് (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം തീർക്കാൻ ഇറാൻ സമർപ്പിച്ച 14 നിർദേശങ്ങൾ പരിശോധിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ശനിയാഴ്ച വ്യക്തമാക്കി. എന്നാൽ തനിക്കു സംശയങ്ങൾ ബാക്കിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. നിർദേശങ്ങൾ തൃപ്തികരമല്ലെന്നായിരുന്നു നേരത്തെ അദ്ദേഹം പ്രതികരിച്ചത്.  

യുഎസ് മുൻപോട്ടു വച്ച 9 നിർദേശങ്ങൾ പരിശോധിച്ച ശേഷമാണ് ഇറാൻ പുതിയ നിർദേശങ്ങൾ വച്ചതെന്നു തസ്‌നീം ന്യൂസ് ഏജൻസി പറഞ്ഞു.

സ്ഥിരമായ പരിഹാരം സാധ്യമാക്കാനുള്ള നിർദേശങ്ങളാണ് ഇറാൻ  പാക്കിസ്ഥാൻ വഴി സമർപ്പിച്ചതെന്നു വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസത്തെ വെടിനിർത്തൽ എന്ന യുഎസ് നിർദേശം അവർക്കു സ്വീകാര്യമല്ല. എല്ലാ പ്രധാന തർക്കങ്ങളൂം 30 ദിവസത്തിനകം ചർച്ച ചെയ്തു തീർക്കണമെന്ന് അവർ നിഷ്കർഷിക്കുന്നു.

നിർദേശങ്ങൾ ടെഹ്റാനിൽ പല രാജ്യങ്ങളുടെയും അംബാസഡർമാരുമായി ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ കാസീം ഗാരിബാബാദി ചർച്ച ചെയ്തു. ദേശീയ താൽപര്യങ്ങളിൽ ഉറച്ച നിർദേശങ്ങൾ യുദ്ധം ഒഴിവാക്കി നയതന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ആക്രമിക്കപ്പെട്ടാൽ ഇറാൻ തിരിച്ചടിക്കുക തന്നെ ചെയ്യും.

ഇറാൻ വച്ചിട്ടുള്ള പ്രധാന നിർദേശങ്ങൾ ഇവയാണ്:

ഒന്ന്, യുഎസും ഇസ്രയേലും ഇനി ഇറാനെ ആക്രമിക്കില്ല എന്ന ഉറപ്പു നൽകി യുദ്ധം അവസാനിപ്പിക്കണം.

രണ്ട്, ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കും.

മൂന്ന്, യുഎസ് കടലിലെ ഉപരോധം അവസാനിപ്പിക്കണം.

നാല്, യുഎസ് ഉപരോധം പിൻവലിക്കണം. അതേ തുടർന്ന് ഇറാന്റെ ആണവ പദ്ധതി ചർച്ച ചെയ്യാം.

അഞ്ച്, യുറേനിയം സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടി സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം യുഎസ് അംഗീകരിക്കണം.

ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു കിട്ടിയാൽ മാത്രമേ യുദ്ധം നിർത്തൂ എന്നാണ് യുഎസ് നിലപാട്. അതിനു 2015ൽ പ്രസിഡന്റ് ഒബാമ ഉണ്ടാക്കിയ കരാർ 2018ൽ ട്രംപ് കുട്ടയിൽ എറിഞ്ഞിരുന്നു.

ആ കരാർ അനുസരിച്ചു ഇറാൻ യുറേനിയം സ്റ്റോക്ക് 98% കുറയ്ക്കുകയും സമ്പുഷ്ടമാക്കുന്നത് 3.67% എന്ന് പരിമിതപ്പെടുത്തുകയും ചെയ്യണം എന്നായിരുന്നു വ്യവസ്ഥ. അന്താരാഷ്ട്ര ആണവ ഏജൻസി നിരന്തരം പരിശോധന നടത്തുകയും ചെയ്യും.

Trump to review Iran proposals

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക