
ജർമനിയിൽ നിന്നു 5,000 സൈനികരെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതോടെ യുഎസ്-യൂറോപ്യൻ ബന്ധങ്ങൾ കൂടുതൽ മോശമായി. ഈ നീക്കത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണെന്നു നേറ്റോ അറിയിച്ചു.
യുഎസ് തീരുമാനം പ്രതീക്ഷിച്ചതാണെന്നു ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. യൂറോപ് സ്വന്തം സുരക്ഷയ്ക്കു കൂടുതൽ ശ്രദ്ധ വയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജർമനി അതിനു വേണ്ടതു ചെയ്യുന്നുണ്ട്. സൈനിക വികസനം വേഗത്തിൽ തന്നെ നടക്കുന്നു.
നേറ്റോ വക്താവ് അലൈസൻ ഹാർട്ട് ആ അഭിപ്രായത്തെ പിന്താങ്ങി. യൂറോപ്പ് സ്വന്തം സുരക്ഷയ്ക്ക് വേണ്ട നടപടികൾ എടുക്കണമെന്ന് അവർ പറഞ്ഞു.
യുഎസിൽ നിന്നു വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നു ഹാർട്ട് പറഞ്ഞു.
ഡിസംബറിൽ ജർമനിയിൽ 36,436 യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. റഷ്യ യുക്രൈൻ ആക്രമിച്ചതിനെ തുടർന്നായിരുന്നു യുഎസ് സൈനിക ശക്തി കൂട്ടിയത്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ യൂറോപ്പ് സഹായിച്ചില്ല എന്ന പരാതി പറഞ്ഞ ട്രംപിനോട് ഇറാൻ യുഎസിനെ നാണം കെടുത്തിയെന്നു ജർമൻ ചാൻസലർ ഫ്രെയ്‌ഡറിക് മെർസ് പറഞ്ഞതോടെയാണ് പുതിയ പ്രതിസന്ധി ഉണ്ടായത്. ഇറാന്റെ കാര്യം വിട്ടു 'പൊളിഞ്ഞു പോയ' ജർമനിയുടെ കാര്യം നോക്കാൻ ട്രംപ് അദ്ദേഹത്തോട് ഉപദേശിച്ചു.
നേറ്റോ ഉപയോഗശൂന്യമായ കടലാസ് കടുവയാണെന്നു ട്രംപ് കൂട്ടിച്ചേർത്തു.
Germany dismisses Trump's threat