
രാജ്യത്തെ വ്യോമയാന മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസുകൾക്ക് തുടക്കമാകുന്നു. രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം ലക്ഷദ്വീപിലാണ് ആരംഭിക്കുന്നത്. വിവിധ ദ്വീപുകളെ തമ്മിലും ദ്വീപുകളെ പ്രധാന ഇന്ത്യൻ ഭൂപ്രദേശവുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസുകൾ. കുറഞ്ഞത് അഞ്ച് ദ്വീപുകളെയെങ്കിലും തമ്മിൽ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം. ഇത് ലക്ഷദ്വീപ് പോലെയുള്ള എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കും.
വാണിജ്യ സീപ്ലെയിൻ സർവീസുകൾ നടത്തുന്നതിനായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയിൽ (DGCA) നിന്ന് സ്കൈഹോപ്പ് ഏവിയേഷൻഔദ്യോഗിക അനുമതി നേടി. ഇന്ത്യയിൽ വാണിജ്യടിസ്ഥാനത്തിൽ സീപ്ലെയിൻ സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇതോടെ സ്കൈഹോപ്പ് മാറി.
സാധാരണ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിൽ നിന്ന് പറന്നുയരാനും വെള്ളത്തിൽ തന്നെ ഇറങ്ങാനും കഴിയുന്നവയാണ് സീപ്ലെയിനുകൾ. അതിനാൽ വലിയ റൺവേകളോ വിമാനത്താവളങ്ങളോ ഇവയ്ക്ക് ആവശ്യമില്ല. റൺവേകൾ നിർമ്മിക്കാൻ പ്രയാസമുള്ള ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങൾക്ക് ഈ സൗകര്യം ഏറെ അനുയോജ്യമാണ്. ഈ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ദ്വീപുകൾ തമ്മിലുള്ള യാത്രാസമയം വൻതോതിൽ കുറയുകയും തീരദേശ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുകയും ചെയ്യും.
ആദ്യഘട്ടത്തിൽ 19 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുക.