
വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ തുക കൈമാറുന്നത്. അപകടത്തിൽപ്പെട്ട മറ്റ് അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാലാണ് ഇവർക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഷഹാദിൻ, മസ്നീൻ, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കൂടാതെ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സയ്ക്കായി ഇൻഷുറൻസ് തുകയ്ക്ക് പുറമെ അധികമായി പണം ചെലവായിട്ടുണ്ടെങ്കിൽ ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാൻ സർക്കാർ തീരുമാനിച്ചു