
എട്ടുവർഷമായി ഒരുമിച്ച് ജീവിക്കുന്ന ഭാര്യയ്ക്ക് മൂന്ന് കാമുകന്മാർ ഉണ്ടെന്ന് മനസ്സിലാക്കിയ 36 കാരനായ ഭർത്താവ് ജീവനൊടുക്കി. ഹൈദരാബാദിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സീതാറാം തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഭാര്യയ്ക്ക് ഒന്നിലധികം അവിഹിത ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് 19 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച ശേഷമാണ് അദ്ദേഹം കടുംകൈക്ക് മുതിർന്നത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം യുവാവ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിക്കുകയായിരുന്നു.
സീതാറാം എഴുതിയ കുറിപ്പിൽ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മൂലമാണ് താൻ ഈ കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. 2018ൽ വിവാഹിതയായ ഭാര്യ രേണുകയ്ക്ക് നിലവിൽ മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി മൂന്ന് പുരുഷന്മാരുമായി അവർക്ക് ബന്ധമുണ്ടെന്ന് കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.
ഇതിൽ ഒരാളായ രമണ എന്ന വ്യക്തി രേണുകയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചെന്നും സീതാറാം ആരോപിച്ചു.
വീഡിയോകൾ ഓൺലൈനിൽ കണ്ടതിനു ശേഷമാണ് താൻ ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും, ഈ അനുഭവം തനിക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും സീതാറാം കുറിപ്പിൽ എഴുതി.
താൻ ഇല്ലാതിരുന്നപ്പോൾ അവരിൽ ഒരാൾ തന്റെ വീട്ടിൽ പലതവണ വന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഭാര്യയുടെ വഞ്ചന മൂലമുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് സീതാറാം വിവരിച്ചിട്ടുണ്ട്. എട്ടുവർഷമായി ഭാര്യയെ വേണ്ട രീതിയിൽ പരിപാലിച്ചുവെന്നും അവർക്ക് വേണ്ടതെല്ലാം നൽകിയിരുന്നുവെന്നും എന്നാൽ കുറിപ്പിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ മൂലം വളരെയധികം വേദനിച്ചതായും സീതാറാം വ്യക്തമാക്കി.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രേണുകയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും സ്വകാര്യ വീഡിയോകളുടെ പ്രചാരണവും ഉൾപ്പെടെ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.