
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കണ്ണൂരിലുൾപ്പെടെ സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ സുനാമി ദൃശ്യമാകുമെന്ന് ബേപ്പൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അന്‍വര്‍. പിണറായി വിരുദ്ധത ജനവിധിയിൽ പ്രതിഫലിച്ചുവെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റുകാരനായി അറിയപ്പെടുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ പിണറായിസത്തിന്റെയും മരുമോൻ ഭരണത്തിന്റെയും അന്ത്യം ഈ തിരഞ്ഞെടുപ്പോടെ കുറിക്കപ്പെടുമെന്നും അൻവർ കൂട്ടിച്ചേർത്തു.
സി.പി.എം അണികൾക്കിടയിൽ പുകയുന്ന പ്രതിഷേധം വോട്ടായി മാറുമെന്നാണ് അൻവറിന്റെ പ്രവചനം. തളിപ്പറമ്പിലും പയ്യന്നൂരിലും മത്സരിച്ച മുൻ സി.പി.എം നേതാക്കളും താൻ ഉയർത്തിയ നിലപാടുകൾ തന്നെയാണ് പങ്കുവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി. സുധാകരനെയും സുരേഷിനെയും പോലുള്ള നേതാക്കൾ പാർട്ടിയിൽ നിന്ന് പുറത്തുവന്നത് ഇതിന്റെ സൂചനയാണ്. പാർട്ടിയെ രക്ഷിക്കാൻ പ്രവർത്തകർ തന്നെ സി.പി.എമ്മിനെതിരെ വോട്ട് ചെയ്യുമെന്നും 48 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം കാണാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷമായ വെല്ലുവിളിയാണ് അൻവർ ഉയർത്തിയത്. ധർമ്മടത്ത് പിണറായി വിജയൻ കഷ്ടിച്ചേ ജയിക്കൂ എന്നും ബേപ്പൂരിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് ബെറ്റിന് തയ്യാറാണെങ്കിൽ താൻ മൊട്ടയടിച്ച് കമ്മലിടാൻ തയ്യാറാണ്. കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന റിയാസിനെ ബേപ്പൂരിലേക്ക് മാത്രം തളച്ചിടാൻ തന്റെ പോരാട്ടത്തിന് സാധിച്ചുവെന്നും താൻ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അൻവർ പറഞ്ഞു.
കണ്ണൂരിലെ ജയരാജന്മാരുടെ അതൃപ്തിയും തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്ന് അൻവർ നിരീക്ഷിച്ചു. ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയ കൊലപാതക കേസുകൾ അട്ടിമറിക്കാൻ പി. ശശി നടത്തിയ ഇടപെടലുകളും ഊരാളുങ്കൽ സൊസൈറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതിയും ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. എ.എൻ ഷംസീർ പോലും പിണറായിയുടെ വെട്ടിനിരത്തലിന് വിധേയനായ വ്യക്തിയാണെന്ന് ആരോപിച്ച അൻവർ, വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും വ്യക്തമാക്കി.