
വാഷിംഗ്ടണ്‍ : യൂറോപ്യന്‍ യൂണിയനില്‍ (EU) നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും മറ്റ് വാഹന ഭാഗങ്ങള്‍ക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപക്ഷവും ഒപ്പുവെച്ച വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയന്‍ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ഈ നീക്കം.
നിലവില്‍ 15 ശതമാനമുള്ള നികുതിയാണ് അടുത്ത ആഴ്ച മുതല്‍ 25 ശതമാനമായി ഉയര്‍ത്തുന്നത്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ സ്‌കോട്ട്ലന്‍ഡില്‍ വെച്ചുണ്ടാക്കിയ 'ടേണ്‍ബെറി ഡീല്‍' (Turnberry Deal) പ്രകാരം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനും ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്താനും ഇയു സമ്മതിച്ചിരുന്നു. എന്നാല്‍ ഇതിന്റെ നടപ്പിലാക്കല്‍ വൈകുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
അമേരിക്കയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. തങ്ങള്‍ കരാര്‍ പാലിച്ച് നിയമനിര്‍മ്മാണം നടത്തിവരികയാണെന്നും എന്നാല്‍ അമേരിക്ക ഏകപക്ഷീയമായി നികുതി ഉയര്‍ത്തുന്നത് വിശ്വസിക്കാന്‍ കൊള്ളാത്ത നടപടിയാണെന്നും യൂറോപ്യന്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
ഈ തീരുമാനം ജര്‍മ്മനിയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍, ബിഎംഡബ്ല്യു , ഔഡി തുടങ്ങിയ കമ്പനികളെ സാരമായി ബാധിക്കും.
അമേരിക്കന്‍ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് ആഗോള വ്യാപാര രംഗത്ത് വീണ്ടും അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം.