
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ജീവനടുത്തു. ചികിത്സയിലായിരുന്ന ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം സ്വദേശിനി ആര്യമോൾ (26) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. നീർക്കുന്നം കളത്തിൽ വിജയൻ-അമ്പിളി ദമ്പതികളുടെ മകളാണ്. ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനായി മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്.
ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് ഡിസ്‌ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും അസ്വസ്ഥതകൾ പ്രകടമായി. ഇതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. കഴിഞ്ഞ 18 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി മലിനജലത്തിലൂടെയാണ് അമീബ തലച്ചോറിലെത്തുന്നത് എങ്കിലും ആര്യമോൾ ഇത്തരത്തിൽ ജലാശയങ്ങളിൽ ഇറങ്ങിയതായി വിവരമില്ല. ഇത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. മുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ, പുതിയ കേസ് കൂടി വന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.