Image

വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവെച്ചുകൊന്നു; ഉത്തർപ്രദേശിൽ നാടിനെ നടുക്കി കൊലപാതകം, അക്രമികൾക്കായി തിരച്ചിൽ

Published on 02 May, 2026
വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവെച്ചുകൊന്നു; ഉത്തർപ്രദേശിൽ നാടിനെ നടുക്കി കൊലപാതകം, അക്രമികൾക്കായി തിരച്ചിൽ

ലക്‌നൗ: വിവാഹവേദിയിലേക്കുള്ള യാത്രയ്ക്കിടെ 27-കാരനായ വരനെ അജ്ഞാതർ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബദാവുർ ഗ്രാമവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ തകർന്നിരിക്കുകയാണ് കുടുംബാംഗങ്ങളും ഗ്രാമവാസികളും.

​മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികൾ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ അറിയിച്ചു. ആസാദിനെ ലക്ഷ്യം വെച്ചെത്തിയ സംഘം പലതവണ വെടിവെച്ചതായാണ് വിവരം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആസാദിനെ ഉടൻ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

​കൊലപാതകത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിപരമായ വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. വിവാഹ സന്തോഷത്തിലായിരുന്ന കുടുംബത്തിലേക്ക് മരണവാർത്ത എത്തിയത് ഗ്രാമത്തെ ഒന്നടങ്കം ശോകമൂകമാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക