Image

ബംഗാളിൽ വോട്ടെണ്ണൽ ഉദ്യോഗസ്ഥരെച്ചൊല്ലി തർക്കം; കേന്ദ്ര നീക്കത്തിനെതിരെ മമത കോടതിയിലേക്ക്

Published on 02 May, 2026
ബംഗാളിൽ വോട്ടെണ്ണൽ ഉദ്യോഗസ്ഥരെച്ചൊല്ലി തർക്കം; കേന്ദ്ര നീക്കത്തിനെതിരെ മമത കോടതിയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനത്തെച്ചൊല്ലി കേന്ദ്രവും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോരാട്ടം സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് വിവാദമായത്. മേയ് നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി കമ്മീഷൻ കൈക്കൊണ്ട ഈ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് ഹർജി നൽകി.

​ബംഗാളിൽ മാത്രമായി ഇത്തരം ഒരു നിബന്ധന നടപ്പിലാക്കുന്നത് ദുരൂഹമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും തൃണമൂൽ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം വോട്ടെണ്ണൽ മേശകളിൽ നിയോഗിക്കുന്നത് പക്ഷപാതപരമായ നടപടികൾക്ക് ഇടയാക്കുമെന്നും ഇത് ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കാരണമാകുമെന്നും തൃണമൂൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യപരമായ വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നാണ് പാർട്ടി നിലപാട്.

​അതേസമയം, സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലായി 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കുകയാണ്. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പ് ക്രമക്കേടുകളെത്തുടർന്ന് അസാധുവാക്കിയതിനെത്തുടർന്നാണ് മേയ് രണ്ടിന് പുനർവോട്ടെടുപ്പ് നിശ്ചയിച്ചത്. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ നടക്കുന്ന ഈ റീപോളിങ് മണ്ഡലങ്ങളിൽ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൈവരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക