
മുംബൈ: മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ചത് തണ്ണിമത്തൻ കഴിച്ചതിലൂടെയുള്ള വിഷബാധ മൂലമല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. തണ്ണിമത്തനാണ് മരണകാരണമെന്ന ആദ്യ നിഗമനങ്ങളെ തള്ളുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നും സാധാരണ ഭക്ഷ്യവിഷബാധയിൽ ഇത്തരത്തിൽ സംഭവിക്കാറില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ മുംബൈയിൽ അബ്ദുള്ള (40), ഭാര്യ നസ്‌റിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരണപ്പെട്ടത്. വീട്ടിൽ നടന്ന വിരുന്നിന് ശേഷം രാത്രി വൈകി ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഛർദ്ദിയും വയറിളക്കവും ബാധിച്ച ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതും രാത്രി വൈകി കഴിച്ച തണ്ണിമത്തനിലേക്ക് സംശയം നീളാൻ കാരണമായിരുന്നു. എന്നാൽ ഫോറൻസിക് റിപ്പോർട്ടിലെ പുതിയ വിവരങ്ങൾ സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലെ നിറവ്യത്യാസം മാരകമായ ഏതോ വിഷാംശം ഉള്ളിൽ ചെന്നതിന്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം. ഇത് എത്തരത്തിലുള്ള വിഷമാണെന്ന് കണ്ടെത്താൻ രാസപരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിരുന്നിൽ കഴിച്ച ഭക്ഷണത്തിലോ അതോ മറ്റേതെങ്കിലും സാഹചര്യത്തിലോ വിഷാംശം ഉള്ളിലെത്തിയതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.