Image

വല്ല്യച്ഛനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

Published on 02 May, 2026
വല്ല്യച്ഛനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതി അമ്മയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

കൊച്ചി: വല്ല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദ് സ്വന്തം മാതാവിനെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 21-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മകന്റെ ക്രൂരമായ മർദ്ദനമേറ്റ മാതാവും പിതാവും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ വൈകിയതായി ആക്ഷേപമുണ്ട്.

​വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായുള്ള അഭിജിത്തിന്റെ വിവാഹം കുടുംബം എതിർത്തതാണ് മർദ്ദനത്തിന് പ്രകോപനമായത്. പച്ചാളത്ത് ട്രാവൽ ഏജൻസി നടത്തുന്ന അഭിജിത്ത് തന്റെ പ്രണയത്തിന് തടസ്സം നിൽക്കുന്നത് വീട്ടുകാരാണെന്ന വൈരാഗ്യത്തിലായിരുന്നു. വിവാഹത്തോടുള്ള എതിർപ്പിന് പിന്നിൽ വല്ല്യച്ഛൻ സത്യപാലനാണെന്ന് ഉറച്ചു വിശ്വസിച്ച പ്രതി, ഇയാളെ അപായപ്പെടുത്താൻ ആസൂത്രിതമായി നീങ്ങുകയായിരുന്നു.

​കഴിഞ്ഞ ദിവസം രാവിലെ അയ്യപ്പൻകാവ്-ചിറ്റൂർ റോഡിൽ വെച്ച് സ്കൂട്ടറിൽ വരികയായിരുന്ന സത്യപാലനെ അഭിജിത്ത് കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തിത്തീർക്കാൻ ഇതേ കാറിൽ തന്നെ ഇയാൾ സത്യപാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബന്ധുക്കളുടെ സംശയമാണ് സത്യം പുറത്തുകൊണ്ടുവന്നത്. പ്രതി കാറിൽ കാത്തുനിൽക്കുന്നതും സത്യപാലനെ ഇടിച്ചുതെറിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് കൊലപാതക ശ്രമം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻപും ഇയാൾ വീട്ടുകാരെ ഉപദ്രവിച്ചിരുന്നതായി വ്യക്തമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക