
അങ്കമാലി: അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവില്‍ തളച്ചു. ഇരിങ്ങാലക്കുടയില്‍ നിന്ന് സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. റോജി എം. ജോണ്‍ എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മയ്യനാട് പാര്‍ത്ഥ സാരഥി എന്ന ആനയാണ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഒന്നര വരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മറ്റ് ക്ഷേത്രങ്ങളില്‍ ഉത്സവത്തിനായി കൊണ്ടുവരുന്ന ആനകളെ ഈ ക്ഷേത്രത്തില്‍ തൊഴീക്കാന്‍ കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. അങ്ങനെ കൊണ്ടുവന്നപ്പോഴാണ് ആനയിടഞ്ഞതെന്നും എംഎല്‍എ വ്യക്തമാക്കി.
ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ ഡ്രൈവര്‍ വിഷ്ണുവിനെ ചവിട്ടിക്കൊന്നിരുന്നു. ഏറെനേരം കഴിഞ്ഞാണ് മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ കഴിഞ്ഞത്. ആനയുടെ ആക്രമണത്തില്‍ ഒന്നാം പാപ്പാന്‍ പ്രമോദ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. അങ്കമാലി ലിറ്റര്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാപ്പാന്‍ അപകടനില തരണം ചെയ്തു.