
ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡി എച് എസ്) 76 ദിവസം നീണ്ട അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ യുഎസ് ഹൗസ് വ്യാഴാഴ്ച്ച പാസാക്കിയ സ്‌പെൻഡിംഗ് ബില്ലിൽ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു. ഐസ്, സി ബി പി എന്നിവയ്ക്കുള്ള ഫണ്ടിംഗ് ഒഴിവാക്കിയാണ് ശബ്ദവോട്ടിൽ ബിൽ പാസാക്കിയത്.
എന്നാൽ ട്രാൻസ്‌പോർട്ടേഷനു വേണ്ട പണം കൊള്ളിച്ചതു കൊണ്ടു വിമാനത്താവളങ്ങളിൽ ഉണ്ടായ അരാജകത്വം അവസാനിക്കും. കോസ്റ്റ് ഗാർഡ്, സീക്രട്ട് സർവീസ് എന്നിവയ്ക്കും പൂർണമായ ഫണ്ടിംഗ് കിട്ടും.
ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ബലപ്രയോഗത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ഐസിനും ബോർഡർ പട്രോളിനും നിയന്ത്രണം ഏർപെടുത്താതെ ബിൽ പാസാക്കാൻ സഹകരിക്കില്ലെന്നു ഡെമോക്രാറ്റുകൾ നിലപാടെടുത്തിരുന്നു.
ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ ഡെമോക്രാറ്റുകളോടു വഴങ്ങിയതിനെ തുടർന്നാണ് ബിൽ പാസാക്കാൻ കഴിഞ്ഞത്. എന്നാൽ ഐസിനും സി ബി പിക്കും പണം നൽകാൻ അതിൽ വകുപ്പില്ല.
ഡി എച് എസ് പണമില്ലാതെ വലയുന്ന അവസ്ഥയിലാണ് ജോൺസൺ കീഴടങ്ങാൻ പാർട്ടിയോട് നിർദേശിച്ചത്. ജൂൺ ഒന്നിനകം ബിൽ മേശപ്പുറത്തു എത്തണമെന്നു ട്രംപ് താക്കീതു നൽകുകയും ചെയ്തിരുന്നു.
ഐസിനും സി ബി പിക്കുമുള്ള ഫണ്ടിംഗ് മറ്റൊരു ബജറ്റ് സമ്മേളനത്തിൽ പരിഗണിക്കും. സെനറ്റിൽ ഭൂരിപക്ഷത്തിനു ആവശ്യമായ 60 വോട്ടിനു ഡെമോക്രാറ്റുകളും സഹകരിച്ചേ തീരൂ.
Trump signs compromised DHS bill