
ചേര്‍ത്തല: എറണാകുളം- അങ്കമാലി അതിരൂപതയില്‍ കുര്‍ബാന തര്‍ക്കം താത്ക്കാലികമായി പരിഹരിച്ചുവെങ്കിലും പ്രശ്‌നത്തിന്റെ അലയടികള്‍ ഒഴിയുന്നില്ല. കുര്‍ബാന തര്‍ക്കവും അതിന്റെ പേരില്‍ കേസും നിലനിന്നിരുന്ന ചേര്‍ത്തല നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയിലാണ് സംഘര്‍ഷം. ചൊവ്വാഴ്ച കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവുമായി ബന്ധപ്പെട്ട പരിശീലനവും പരീക്ഷയും നടക്കുന്നതിനിടെയാണ് പ്രശ്‌നം.
പരീക്ഷ നടക്കുന്നതിനിടെ ഒരു കുട്ടിയുടെ അമ്മ ക്ലാസില്‍ ഇരുന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. രക്ഷിതാക്കള്‍ പുറത്തുപോകണമെന്ന് ഇടവക വികാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇടവകക്കാരിയായ തനിക്ക് സ്ഥലത്തുനില്‍ക്കാന്‍ അവകാശമുണ്ടെന്ന് രക്ഷിതാവ് തിരിച്ചുപറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.
തുടര്‍ന്ന് വീട്ടിലേക്ക് പോയ രക്ഷിതാവ് തന്റെ ഭര്‍ത്താവും ബന്ധുക്കളുമായി തിരിച്ചുവന്നു. ഈ സമയം വികാരിയുടെ മുറിയില്‍ ഏതാനും ഇടവകക്കാരുമുണ്ടായിരുന്നു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വൈദികനടക്കം മര്‍ദ്ദനമേറ്റു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണു തകര്‍ന്നു.
പള്ളിക്കെതിരെ കേസ് കൊടുത്ത MTNS പ്രവര്‍ത്തകരാണ് വൈദികനെ ആക്രമിക്കാന്‍ വന്നതെന്ന് അത്മായമുന്നേറ്റം പറയുന്നു. എന്നാല്‍ വൈദികന്‍ അപമാനിച്ചുവെന്നും അത് ചോദ്യം ചെയ്യാനാണ് തങ്ങള്‍ വന്നതെന്നും എതിര്‍ വിഭാഗം പറയുന്നു. ഇടവകക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റുവെന്ന് ഇവരും പറയുന്നു. ഇരുവിഭാഗവും ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ, ഇന്ന് വൈകിട്ട് 5.30 ന് പള്ളിയില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. സിനഡ് കുര്‍ബാന നടത്തണമെന്ന് ആവശ്യപ്പെട്ട് MTNS പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ കുര്‍ബാന വിലക്കുകയും മാസങ്ങളോളം പള്ളി അടച്ചിടുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പള്ളി തുറന്നതും ജനാഭിമുഖ കുര്‍ബാന പുനരാരംഭിച്ചതും.