
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഇതിനായി മെഡിക്കൽ വിദഗ്ധ സമിതി രൂപീകരിക്കാൻ ഡൽഹി എയിംസിനോട് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്താ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ നിലവിലെ രീതികളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളി ഡോക്ടറായ എസ്. ഗണപതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ. നിലവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന പരിശോധനാ രീതികൾ വിശ്വാസയോഗ്യമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പല കേസുകളിലും കൃത്യമായ പരിശോധനകൾ നടത്താതെയാണ് രോഗികൾക്ക് മസ്തിഷ്ക മരണം വിധിക്കുന്നതെന്നും, അവയവദാനത്തിന് സമ്മതിച്ചാൽ ആശുപത്രി ബില്ലുകൾ ഒഴിവാക്കാമെന്ന വാഗ്ദാനം നൽകി ബന്ധുക്കളെ സ്വാധീനിക്കുന്ന പ്രവണതയുണ്ടെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
നിലവിലെ പരിശോധനാ രീതികൾക്ക് പകരമായി ബ്രെയിൻ ആൻജിയോഗ്രാം, ഇഇജി (EEG) തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നാണ് ഹർജിക്കാരന്റെ പ്രധാന ആവശ്യം. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിലേക്ക് കടക്കുമ്പോൾ കൃത്യമായ മെഡിക്കൽ രേഖകൾ അനിവാര്യമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. രോഗി മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടികളിൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം മാറ്റങ്ങൾ അത്യാവശ്യമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
എയിംസിലെ ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് മുതൽ അഞ്ച് വരെ വിദഗ്ധർ അടങ്ങുന്ന സമിതി രൂപീകരിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ ശാസ്ത്രീയ വശങ്ങൾ ഈ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. കേസ് ജൂലൈയിൽ കോടതി വീണ്ടും പരിഗണിക്കും.