
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ വിസ ലഭിക്കണമെങ്കിൽ സ്വന്തം രാജ്യത്ത് താൻ സുരക്ഷിതനാണെന്ന് അപേക്ഷകർ ഇനി രേഖാമൂലം സാക്ഷ്യപ്പെടുത്തണം. വിദേശ രാജ്യങ്ങളിൽ നിന്ന് അഭയം തേടി എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം വിസ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. ഇതുസംബന്ധിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നിർദ്ദേശങ്ങൾ വിദേശങ്ങളിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി.
പുതിയ നിയമപ്രകാരം വിസ ഇന്റർവ്യൂ സമയത്ത് ഉദ്യോഗസ്ഥർ അപേക്ഷകരോട് രണ്ട് പ്രധാന ചോദ്യങ്ങൾ ചോദിക്കും:
നിങ്ങളുടെ രാജ്യത്ത് വെച്ച് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ മോശമായ പെരുമാറ്റമോ നേരിട്ടിട്ടുണ്ടോ?
സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഭയമുണ്ടോ?
ഈ രണ്ട് ചോദ്യങ്ങൾക്കും 'ഇല്ല' എന്ന് മറുപടി നൽകുന്നവർക്ക് മാത്രമേ ഇനി അമേരിക്കൻ വിസ അനുവദിക്കൂ. അപേക്ഷകൻ ഭയമുണ്ടെന്ന് സമ്മതിച്ചാൽ വിസ അപേക്ഷ ഉടൻ നിരസിക്കും. വിസ ലഭിച്ച ശേഷം അമേരിക്കയിൽ എത്തി അഭയം തേടുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
അമേരിക്കൻ വിസ എന്നത് ഒരു അവകാശമല്ല മറിച്ച് ഒരു ആനുകൂല്യം മാത്രമാണെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കൻ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലാത്തവർ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ജനതയുടെ അവസാന പ്രതീക്ഷയായ അമേരിക്ക ഈ നയത്തിലൂടെ തങ്ങളുടെ പൈതൃകം തന്നെ ഇല്ലാതാക്കുകയാണെന്ന് അഭയാർത്ഥി സംഘടനകൾ വിമർശിക്കുന്നു. മുൻപ് സോവിയറ്റ് വിമതർക്കും ജർമ്മൻ ജൂതന്മാർക്കും നൽകിയിരുന്ന സംരക്ഷണം ഈ നിയമമുണ്ടായിരുന്നെങ്കിൽ അസാധ്യമാകുമായിരുന്നുവെന്ന് 'റഫ്യൂജീസ് ഇന്റർനാഷണൽ' പ്രസിഡന്റ് ജെറമി കോണിൻഡിക് ചൂണ്ടിക്കാട്ടി.
നിലവിൽ ഹെയ്തി, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നൽകിയിരുന്ന താത്കാലിക സംരക്ഷണ പദവി (ടിപിഎസ്) റദ്ദാക്കാനുള്ള തീരുമാനവും കോടതിയുടെ പരിഗണനയിലാണ്. വിസ ചട്ടങ്ങളിലെ ഈ മാറ്റം ഇന്ത്യൻ വിദ്യാർത്ഥികളെയും ഐടി ജീവനക്കാരെയും നേരിട്ട് ബാധിക്കില്ലെങ്കിലും, അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റം കൂടുതൽ സങ്കീർണ്ണമാകുന്നതിന്റെ സൂചനയാണിത്.