
വാഷിംഗ്ടൺ ഡി.സി: ചൊവ്വയിൽ സ്ഥിരമായ ഒരു മനുഷ്യ കോളനി സ്ഥാപിക്കുന്നതിൽ വിജയിച്ചാൽ ഇലോൺ മസ്കിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക പാരിതോഷികമായി നൽകാൻ സ്പേസ് എക്സ് ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സ്പേസ് എക്സ് ഓഹരിവിപണിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിലാണ് മസ്കിനുള്ള ഈ വമ്പൻ ഇൻസെന്റീവ് പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
ഈ പാക്കേജ് പ്രകാരം, ചൊവ്വയിൽ കുറഞ്ഞത് പത്ത് ലക്ഷം പേരെങ്കിലും താമസിക്കുന്ന ഒരു സ്ഥിരമായ കോളനി സ്ഥാപിക്കുകയും സ്പേസ് എക്സിന്റെ വിപണി മൂല്യം 7.5 ട്രില്യൺ ഡോളറിൽ എത്തുകയും ചെയ്താൽ മസ്കിന് 200 മില്യൺ സ്പെഷ്യൽ ഓഹരികൾ ലഭിക്കും. ഇതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, മസ്ക് കമ്പനിയുടെ സി.ഇ.ഒ ആയി തുടരുന്നിടത്തോളം ഏത് സമയത്തും ഈ നേട്ടം കൈവരിച്ചാൽ പാരിതോഷികത്തിന് അർഹനാകും.
നിലവിൽ 778 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്കിനെ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ലോകം ഇതുവരെ കാണാത്തത്ര വലിയ സമ്പത്തിന് ഉടമയാക്കും. കൂടാതെ, സ്പേസ് എക്സിന്റെ എ.ഐ ലക്ഷ്യങ്ങൾക്കായി ഭ്രമണപഥത്തിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ചില സാങ്കേതിക ലക്ഷ്യങ്ങൾ പൂർത്തിയാക്കിയാലും മസ്കിന് അധിക ഓഹരികൾ ലഭിക്കും. മസ്കിന്റെ മറ്റൊരു കമ്പനിയായ ടെസ്ലയും അടുത്തിടെ ഇത്തരത്തിൽ ഉൽപ്പാദന ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച ഒരു ലക്ഷം കോടി ഡോളറിന്റെ വമ്പൻ ശമ്പള പാക്കേജ് അംഗീകരിച്ചിരുന്നു. സ്പേസ് എക്സ് ഉടൻ നടത്താനിരിക്കുന്ന പ്രാഥമിക ഓഹരി വില്പനയിലൂടെ (IPO) 1.75 ട്രില്യൺ ഡോളർ വിപണി മൂല്യമാണ് ലക്ഷ്യമിടുന്നത്.